ബൈസൺവാലി വില്ലേജിലെ ചൊക്രമുടി കൈയ്യേറ്റത്തിന്റെ അന്വേഷണവും നടപടിയും അട്ടിമറിക്കാൻ രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉന്നത തല നീക്കം നടക്കുന്നുവെന്ന് സൂചന. കയ്യേറ്റവും മറ്റു നിർമ്മാണങ്ങളും അനധികൃതമെന്നും ചട്ടവിരുദ്ധമെന്നും തെളിഞ്ഞിട്ടും ഉദ്യോഗസ്ഥ തലത്തിൽ ഒത്തുകളി നടക്കുന്നതിന്റെ ഭാഗമായാണ് യാതൊരു വിധ നടപടിയും ഇതുവരെയും സ്വീകരിക്കാത്തത് എന്ന ആരോപണമാണ് ശക്തമാകുന്നത്.
ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച് രണ്ടു മാസങ്ങൾക്ക് ശേഷം പട്ടയ ഉടമകളുടെ വിചാരണ പൂർത്തിയാക്കി ജില്ല ഭരണകൂടത്തിന് റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ കയ്യേറ്റം ഒഴിപ്പിക്കൽ ഉൾപ്പടെ ഉള്ള നടപടികൾ വൈകുകയാണ്.
റവന്യൂ വകുപ്പിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിൽ വകുപ്പിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥല ഉടമകളുടെ വിചാരണയ്ക്ക് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ ഭൂരിഭാഗം പട്ടയങ്ങളും സാധൂകരിക്കുന്ന വിവരണങ്ങളാണ് ഉള്ളത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
എന്നാൽ ഈ പട്ടയങ്ങൾ നൽകിയത് ചട്ടം ലംഘിച്ചാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. 1971 ന് മുമ്പ് കൈവശഭൂമിയിൽ കൃഷി ചെയ്തും വീട് വച്ചും താമസിക്കുന്നവർക്കാണ് 1964 ഭൂപതിവ് ചട്ട പ്രകാരം പട്ടയം നൽകുന്നത്.
എന്നാൽ പരിസ്ഥിതിലോല പ്രദേശവും റെഡ്‌സോണിൽ ഉൾപ്പെട്ടതുമായ ചൊക്രമുടിയിൽ ഈ മാനദണ്ഡം ലംഘിച്ചാണ് ഭൂമി പതിച്ചു നൽകിയത്. 1965 മുതൽ 70 വരെയുള്ള കാലഘട്ടത്തിലാണ് ചൊക്രമുടിയിൽ പട്ടയങ്ങൾ അനുവദിച്ചത് ഈ കാലയളവിലും പിന്നീടും ഇവിടെ വീടുകളോ കൃഷിയിടങ്ങളോ ഉണ്ടായിരുന്നില്ല.
ഇക്കാരണം കൊണ്ട് മാത്രം പട്ടയങ്ങൾ റദ്ദ് ചെയ്യാൻ സർക്കാറിന് കഴിയും. കഴിഞ്ഞ ഓഗസ്റ്റിലാണ് റെഡ് സോണിൽ ഉൾപ്പെടുന്ന ചൊക്ര മുടിയിൽ പാറ പുറമ്പോക്ക് ഉൾപ്പെടെ ഭൂമി കൈയേറ്റവും അനധികൃത നിർമ്മാണവും വിവാദമായത്.
ചൊക്രമുടിയിൽ സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെടുത്തി 14 ഏക്കർ 69 സെൻറ് പട്ടയ ഭൂമിയുടെ സർവ്വേ സ്‌കെച്ച് തയ്യാറാക്കിയ ഉടുമ്പൻചോല മുൻ താലൂക്ക് സർവെയറെയും സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല.
എന്നാൽ ചൊക്രമുടിയിലെയും സമീപപ്രദേശങ്ങളിലും വസ്തു ഉടമകളുടെ വിചാരണയ്ക്ക് ശേഷം തുടർ നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടു.