അടിയും തിരിച്ചടിയുമായി ഉക്രൈൻ – റഷ്യ പ്രശ്‌നങ്ങൾ യൂറോപ്പിനേയും ഇസ്രയേൽ – ലെബനോൻ , ഇറാൻ സംഘർഷങ്ങൾ പശ്ചിമേഷ്യയെയും പിടിച്ചു കുലുക്കുന്ന സമയത്ത് തായ്വാനിൽ ആക്രമണം നടത്താൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. China is reportedly preparing to attack Taiwan.
ചൈനീസ് യുദ്ധക്കപ്പലുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തായ്വാന് സമീപത്ത് റോന്ത് ചുറ്റിയിരുന്നു. ഇതിന് പിന്നാലെ ഒരു പടി കൂടി കടന്ന് റഷ്യയുമായി ചേർന്ന് ചൈന പ്രദേശത്ത് നാവികാഭ്യാസവും നടത്തി.
റഷ്യയുടെ അത്യാധുനിക ആണവ വാഹക ശേഷിയുള്ള കിൻസൽ മിസൈലുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തായ്വാനെ തകർക്കുമെന്ന് മുൻപ് ചൈന ഭീഷണി മുഴക്കിയിരുന്നെങ്കിലും ലോക രാജ്യങ്ങളുടെ എതിർപ്പും ഉപരോധവും ഭയന്ന് പിന്നോട്ടു പോയിരുന്നു.
എന്നാൽ ലോകം സംഘർഷത്തിൽ മുങ്ങി നിൽക്കുന്ന സമയത്ത് ആക്രമിക്കാനുള്ള തന്ത്രമാണ് നിലവിൽ ചൈനയുടേതെന്നാണ് സൂചന. ഇതിനിടെ ദക്ഷിണ കൊറിയയും, ജപ്പാനും തായ്വാനും അമേരിക്കയ്ക്കും പിന്തുണ പ്രഖ്യാപിച്ചു.
ചൈനയും, റഷ്യയും, ഉത്തര കൊറിയയും മറു ചേരിയിൽ അണി നിരന്നാൽ ലോക യുദ്ധത്തിലേക്ക് സംഭവങ്ങൾ നീങ്ങുമെന്ന ആശങ്ക അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് നിലപാട്.