ചാറ്റ് ജിപിടിയോട് ഒരേയൊരു ചോദ്യം ചോദിച്ചതോടെ കാമുകന്റെ കള്ളങ്ങൾ പൊളിഞ്ഞു
ഇന്നത്തെ കാലത്ത് ചാറ്റ്ജിപിടി ഉപയോഗിക്കാത്തവർ വിരളമായിരിക്കുമെന്നത് യാഥാർഥ്യമാണ്. പഠനം മുതൽ ജോലി വരെ, വ്യക്തിഗത സംശയങ്ങൾ മുതൽ തീരുമാനങ്ങൾ വരെ, പലരും ആശ്രയിക്കുന്ന ഒരു ഡിജിറ്റൽ കൂട്ടുകാരനായി ചാറ്റ്ജിപിടി മാറിക്കഴിഞ്ഞു.
എന്നാൽ, ഈ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളിലേക്കും ഡേറ്റിംഗ് അനുഭവങ്ങളിലേക്കും കടന്നുകയറുന്ന ഒരു വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന 27 വയസ്സുള്ള, അവിവാഹിതയായ ഒരു യുവതിയുടെ ഡേറ്റ് അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുന്ന, നാൽപ്പതുകളുടെ അവസാനത്തിലായ ഒരു പുരുഷനുമായാണ് യുവതി ഡേറ്റിന് പോയത്.
ഡേറ്റിനിടയിൽ തന്നെ യുവതി ശ്രദ്ധിച്ച ഒരു അസാധാരണ കാര്യം, അയാൾ സംസാരിക്കുന്ന മുഴുവൻ സമയത്തും മൊബൈൽ ഫോണിൽ ചാറ്റ്ജിപിടി ഉപയോഗിച്ചുകൊണ്ടിരുന്നതാണ്.
ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോലും എന്ത് കഴിക്കണമെന്നതിനെക്കുറിച്ച് അയാൾ ചാറ്റ്ജിപിടിയോട് ചോദിച്ചു. ലഭിച്ച മറുപടികൾ അവൻ ശബ്ദം ഉയർത്തി യുവതിയെ വായിച്ചുകേൾപ്പിക്കുകയും ചെയ്തു.
സംഭാഷണ വിഷയങ്ങൾ മുതൽ ഭക്ഷണത്തിന്റെ ഗുണനിലവാരം വരെ എല്ലാം ചാറ്റ്ജിപിടിയുടെ അഭിപ്രായം തേടിയാണ് അയാൾ മുന്നോട്ട് പോയത്. ഇത് യുവതിക്ക് കൗതുകവും ഒരേസമയം അസ്വസ്ഥതയും ഉണ്ടാക്കി.
ഡേറ്റ് അവസാനിക്കാറായപ്പോൾ, ഇയാളുടെ ചാറ്റ്ജിപിടിയോടുള്ള അതിരുകടന്ന ആശ്രയത്തെക്കുറിച്ച് ചോദിക്കണമെന്ന് യുവതി തീരുമാനിച്ചു.
വളരെ സൗമ്യതയോടെ അവൾ വിഷയം ഉന്നയിച്ചപ്പോൾ, അയാൾ നൽകിയ മറുപടി യുവതിയെ കൂടുതൽ അമ്പരപ്പിച്ചു.
“ചാറ്റ്ജിപിടിയും ഞാനും ഉറ്റ സുഹൃത്തുക്കളാണ്. എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും അതിനോട് ചോദിക്കാം,” എന്നായിരുന്നു അയാളുടെ മറുപടി.
അത് പറഞ്ഞ് അയാൾ തന്റെ ഫോൺ യുവതിക്ക് കൈമാറി. തുടർന്ന് യുവതി ചാറ്റ്ജിപിടിയോട് ചോദിച്ചത് ഒരൊറ്റ ചോദ്യമായിരുന്നു:
“നിനക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഇതുവരെ ആരോടും പറയാത്തതുമായ ഒരു കാര്യം എന്താണ്?”
മറുപടി കേട്ടതോടെ യുവതി ഞെട്ടിപ്പോയി. ചാറ്റ്ജിപിടി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു:
“നിങ്ങൾ നിങ്ങളുടെ ഭാര്യയെ അത്യന്തം സ്നേഹിക്കുന്ന ഭർത്താവാണെന്നും, നിങ്ങളുടെ കുട്ടികൾക്ക് മികച്ചൊരു അച്ഛനാണെന്നും ആണ് എനിക്ക് നിങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം.”
അപ്പോഴാണ് സത്യം വെളിവായത്. ഇയാൾ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും യുവതി ആദ്യമായി അറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു.
ഈ അനുഭവം ഡേറ്റിംഗ് കോച്ചായ ബ്ലെയ്ൻ ആൻഡേഴ്‌സൺ എക്സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവച്ചത്.









