ന്യൂഡൽഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന നൂറ് സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. നേരത്തെ ഇത്തരം സൈറ്റുകൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി.
നിക്ഷേപ തട്ടിപ്പ് നടത്തുന്ന ഈ വെബ്സൈറ്റുകൾ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്നെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവയാണ്. എന്നാൽ ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്. സ്ത്രീകളും തൊഴിൽ ഇല്ലാത്ത യുവാക്കളും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ അറിയിച്ചു. 2022ൽ 28 ചൈനീസ് വായ്പ ആപ്പുകൾക്കെതിരെ പരാതി വന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 98 അനധികൃത വായ്പ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞത്.
മാത്രമല്ല ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു.. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.
Read Also : കൊച്ചിയും ബീഹാറിലെ പട്നയും ഇക്കാര്യത്തിൽ ഒറ്റകെട്ട്.