ശബരിമല: 6.65 ലക്ഷം ടിൻ അരവണ വളമാക്കി മാറ്റിയേക്കും.ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വില്പന തടഞ്ഞ അരവണയാണ് വളമാക്കുന്നത്ഒരു വർഷത്തിലേറെയായി മാളികപ്പുറം ഗോഡൗണിലാണ് കേടുവന്ന അരവണ കണ്ടയ്നറുകൾ സൂക്ഷിച്ചിരിക്കുന്നത്.
അരവണ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ടെൻഡർ ക്ഷണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാനായിരുന്നു നിർദേശം. അരവണ എങ്ങനെ സംസ്കരിക്കുമെന്ന് ഏജൻസികൾ മുൻകൂട്ടി വ്യക്തമാക്കണം എന്നും പറഞ്ഞിരുന്നു.
ടെൻഡറിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച ഭൂരിപക്ഷം ഏജൻസികളും വളം നിർമ്മിക്കാൻ അരവണ ഉപയോഗിക്കുമെന്നാണ് അറിയിച്ചത്.
അരവണ ടിന്നുകൾ അതേരൂപത്തിൽ നിലയ്ക്കലിനപ്പുറം കൊണ്ടുപോകാനാകില്ല. കേടുവന്ന അരവണ ശബരിമലയ്ക്ക് പുറത്ത് വിൽക്കാതിരിക്കാനാണിത്. കണ്ടയ്നറുകൾ ട്രാക്ടറിൽ പമ്പയിലെത്തിച്ച് ഇവിടെ നിന്ന് നിലയ്ക്കൽ ഗോഡൗണിലെത്തിക്കാനാണ് ആലോചന. അരവണ സന്നിധാനത്തു തന്നെ മറവുചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. പക്ഷേ വനം വകുപ്പ് അനുവാദം നൽകിയില്ല.ശബരിമലയിൽ വച്ചുതന്നെ കണ്ടയ്നർ പൊട്ടിച്ച് അരവണ വേർതിരിച്ചാൽ ശർക്കരയുടെ മണം പിടിച്ച് ആന ഉൾപ്പടെയുള്ള വന്യ ജീവികൾ എത്തുമെന്ന ആശങ്കയുണ്ട്.