അഴിയൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ.ടി. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള എറ്റിയോസ് ലിവ കാറിനാണ് തീപിടിച്ചത്.(Car caught fire while driving near Mahi)
കുഞ്ഞിപ്പള്ളിക്കും അണ്ടിക്കമ്പനിക്കുമിടയിൽ ദേശീയപാതയിൽ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് തീപിടുത്തമുണ്ടായത്. കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. കാറിന്‍റെ ഹെഡ് ലൈറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവർ കുഞ്ഞിപ്പള്ളിയിൽ കാർ നിർത്തിയിടുകയായിരുന്നു.
ഈ സമയത്ത് ഇതുവഴി പോയ വടകര ഹൈവേ പൊലീസിന്‍റെ വാഹനം കൈ കാണിച്ച് നിർത്തി. അപ്പോഴാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാറിനുള്ളിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. പിന്നാലെ കാർ കത്തുകയായിരുന്നു. മാഹി ഫയർ ഫോഴ്സും ചോമ്പാല പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.