ദില്ലി : പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന ഓഡിറ്റിങ്ങ് റിപ്പോർട്ടുകളിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. 2023ൽ സഭയിൽ വന്നത് വെറും 18 ഓഡിറ്റിങ്ങ് റിപ്പോർട്ട് മാത്രം. കേന്ദ്ര സർക്കാർ പദ്ധതികൾ, റയിൽവേ ചിലവുകൾ തുടങ്ങി നിർണായകമായ ഓഡിറ്റിങ്ങുകൾ പലതും മുടങ്ങി. ഈ വർഷം ഏപ്രിൽ, ജൂലൈ, ഓഗസ്ത് മാസത്തിൽ സഭയിൽ വരേണ്ട ഓഡിറ്റ് റിപ്പോർട്ടുകൾ ഈ സമ്മേളനത്തിനും വന്നിട്ടില്ല. ശരാശരി 22 ഓഡിറ്റിങ് റിപ്പോർട്ടുകളാണ് 2019 മുതൽ പാർലമെന്റ് സഭാ സമ്മേളനത്ത് വർഷം തോറും എത്തിയിരുന്നത്. എന്നാൽ ഈ വർഷം അതും കുറഞ്ഞു. ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ കാലമായ 2014 മുതൽ 2018 വരെ 40 ഓഡിറ്റിങ്ങ് വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നടത്തി സഭയിൽ വയ്ക്കുമായിരുന്നു.
2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷത്തിനിടെ 27 ഓഡിറ്റിങ്ങ് റിപ്പോർട്ടുകൾ റയിൽവേയിലെ പദ്ധതികൾ സംബന്ധിച്ച് സഭയിലെത്തി. വന്ദേഭാരതി പോലുള്ള സ്പീഡ് ട്രെയിനുകൾ, ഒഡീഷ ട്രെയിൻ അപകടത്തോടെ പൊതുശ്രദ്ധയിൽ വന്ന റയിൽവേ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർച്ച സജീവമായത് 2019 മുതൽ 2023 വരെയുള്ള കാലയളവിലാണ്. എന്നാൽ ഈ കാലയളവിൽ റയിൽവേയെക്കുറിച്ച് സഭയിലെത്തിയത് വെറും 14 ഓഡിറ്റ് റിപ്പോർട്ടുകൾ മാത്രമാണ്.
കേന്ദ്ര മന്ത്രാലയങ്ങൾ , പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ഓഡിറ്റിങ്ങ് നിറുത്തി വയ്ക്കാൻ ദില്ലിയിൽ നിന്നും വാക്കാൽ നിർദേശം ലഭിച്ചുവെന്ന് നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് നിഷേധിച്ചു. നിലവിലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ജി.സി.മുർമു പ്രധാനമന്ത്രിയുമായി വളരെ അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനായാണ് വിലയിരുത്തുന്നത്.
ജമ്മു കാശ്മീരിലെ പ്രത്യേക നിയമം എടുത്ത് കളഞ്ഞ്, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വേർതിരിച്ച് സമയത്ത് സംസ്ഥാനത്തെ ഗവർണറായി നിയമിച്ചത് മുർമുവിനെയായിരുന്നു. അവിടെ നിന്നും അദേഹത്തെ സി.എ.ജി ആയി നിയമിച്ചു. കേന്ദ്ര പദ്ധതികളായ ആയുഷ്മാൻ ഭാരത്, ദ്വാരക എക്സ്പ്രസ് വേ പ്രോജക്ട് എന്നിവയെക്കുറിച്ച് ഓഡിറ്റ് ചെയ്ത, മൂന്ന് മുതിർന്ന് ഓഡിറ്റ് സർവീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ മുർമു മാധ്യമശ്രദ്ധയിൽ വന്നിരുന്നു. ഈ രണ്ട് ഓഡിറ്റ് റിപ്പോർട്ടുകളും കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിലാക്കുന്നതായിരുന്നു. പാർലമെന്റിൽ പ്രതിപക്ഷം ഓഡിറ്റ് റിപ്പോർട്ട് ഉയർത്തി പ്രതിഷേധിച്ചത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി.