സിട്രോണ്‍ തങ്ങളുടെ നാലാമത്തെ മോഡലാണ് സി 3 എയര്‍ക്രോസ്. 90 ശതമാനം ലോക്കലൈസേഷനോടെയാണ് പുതിയ വാഹനം നിര്‍മിക്കുന്നതെന്നാണ് സിട്രോണ്‍ പറയുന്നത്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ എസ്‌യുവി എത്തുക.
രൂപത്തില്‍ ചെറു എസ്‌യുവി സി3യോട് ചെറിയ സാമ്യം തോന്നും സി3 എയര്‍ക്രോസിന്. 4.3 മീറ്ററാണ് നീളം. ലോഗോ ഇന്റഗ്രേറ്റ് ചെയ്ത ഗ്രില്ലില്‍ പിയാനോ ബ്ലാക് ഫിനിഷ്, വൈ ആകൃതിയിലുള്ള എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, വലിയ ഹെഡ്ലാംപ് എന്നിവ മുന്‍ഭാഗത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. മസ്‌കുലറായ വലിയ വീല്‍ ആര്‍ച്ചുകളാണ്. 2671 എംഎം വീല്‍ബെയ്‌സും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. എക്‌സ് ആകൃതിയുള്ള സ്‌പോക്കുകളുള്ള അലോയ് വീലുകളാണ്. വലിയ ടെയില്‍ഗേറ്റും ടെയില്‍ലാപുമുണ്ട്.
ഏഴു സീറ്റിന് പുറമേ അഞ്ച് സീറ്റ് മോഡലിലും പുതിയ വാഹനം ലഭിക്കും. അഞ്ച് സീറ്റ് മോഡലിന് 444 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സും ഏഴു സീറ്റ് മോഡലിന്റെ മൂന്നാം നിര മടക്കി വച്ചാല്‍ 511 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സും ലഭിക്കുമെന്ന് സിട്രോണ്‍ പറയുന്നു. സി3 യ്ക്ക് സമാനമായ 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് എയര്‍ ക്രോസിനും. രണ്ടാം നിര മൂന്നാം നിര യാത്രക്കാര്‍ക്കും എയര്‍വെറ്റുകളുണ്ട്.
110 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എയര്‍ക്രോസില്‍. തുടക്കത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലായണ് എത്തുക. ഓട്ടമാറ്റിക്ക് മോഡല്‍ പിന്നീട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്വാഗന്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക് തുടങ്ങിയ മോഡലുകളുമായിട്ടാണ് സി 3 എയര്‍ക്രോസിന്റെ മത്സരം.