പ്രമുഖ ഓൺലൈൻ വിപണന സൈറ്റാണ് ആമസോൺ. നിരവധി പ്രൊഡക്ടുകൾ ആമസോൺ വഴി വില്പനയ്ക്ക് ഉണ്ടെങ്കിലും വാഹനങ്ങൾ ഇതുവരെ ഉണ്ടായിരുന്നില്ല. അതിനും ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കാൻ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ആമസോൺ ധാരണയിലെത്തി. അടുത്ത വർഷം മുതലായിരിക്കും ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്. ഹ്യൂണ്ടായുടെ നിലവിൽ ഉള്ള ഏത് മോഡൽ വാഹനങ്ങളും ഇത്തരത്തിൽ ആമസോൺ വഴി വാങ്ങാൻ സാധിക്കും.
ആദ്യമായാണ് ആമസോണിൽ വാഹനങ്ങൾ എത്തുന്നത്. യുഎസിൽ ആയിരിക്കും ഇത്തരത്തിലുള്ള ഓൺലൈൻ വാഹന വിൽപന ആദ്യം ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇപ്പോൾ ഹ്യൂണ്ടായുടെ വാഹനങ്ങളാണ് ഇത്തരത്തിൽ ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയുക എങ്കിലും കൂടുതൽ നിർമ്മാതാക്കൾ ഈ സാധ്യത ഉപയോഗിക്കാൻ സാധ്യതയും മുന്നിൽ കാണുന്നുണ്ട്. ആമസോൺ വഴി ഓർഡർ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലർ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്.