തിരുവനന്തപുരത്ത് പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച സംഭവത്തില്‍ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തിനു പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും കോടതിയിൽ കീഴടങ്ങിയത്.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്.
സംസ്ഥാനത്ത് ആദ്യമായി PSC പരീക്ഷയിൽ ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയാണിത്. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അമൽജിത്തും അഖിൽജിത്തുമാണ് ഇവരെന്ന് തിരിച്ചറിഞ്ഞിരുന്നു. പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയോടിയ അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തായിരുന്നു.