പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി. കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഉൾക്കൊണ്ട മെയിൽ കളക്ടറുടെ ഔദ്യോഗിക മെയിലിൽ ലഭിക്കുകയായിരുന്നു.
ഓഫീസിലെ ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും, അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ഈ മെയിൽ ശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കളക്ടർ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. തുടർന്ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും ജീവനക്കാരെ പുറത്തിറക്കി പരിശോധന ആരംഭിച്ചു. നാലു നില കെട്ടിടത്തിലെ എല്ലാ ജീവനക്കാരെയും പുറത്തിറക്കിയായിരുന്നു പരിശോധന.
ആദ്യഘട്ടത്തിൽ ജില്ലാ കളക്ടറുടെ ഓഫീസ് റൂമിൽ ആയിരുന്നു പരിശോധന. അവിടെ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർ പരിശോധനകൾ പുരോഗമിച്ചുവരികയാണ്.
നിലവിൽ മെയിലിന്റെ ഉള്ളടക്കത്തിൽ സൂചിപ്പിക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുക്കൾ ഒന്നും തന്നെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഭീഷണി സന്ദേശം വ്യാജമകനാണ് സാധ്യത കൂടുതൽ.