കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്ന്
പട്ന: ബീഹാറിൽ അന്ധവിശ്വാസവും മന്ത്രവാദവും ആരോപിച്ച് യുവതിയെ അയൽവാസികൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. നവാഡ ജില്ലയിലെ രജൗളി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. കിരൺ ദേവി (35) ആണ് കൊല്ലപ്പെട്ടത്.
ഒരു കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട ഗുരുതര രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, അതിന് പിന്നിൽ കിരൺ ദേവിയുടെ മന്ത്രവാദമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അയൽവാസിയായ മുകേഷ് ചൗധരിയുടെ കുഞ്ഞിനാണ് അസുഖം കണ്ടെത്തിയത്. ഡോക്ടർമാർ കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട രോഗമാണെന്ന് സ്ഥിരീകരിച്ചിട്ടും, കുട്ടിക്ക് രോഗം വന്നത് കിരൺ ദേവിയുടെ ‘ദുഷ്പ്രവൃത്തികൾ’ മൂലമാണെന്ന് ആരോപിച്ച് അയൽക്കാർ രംഗത്തെത്തി.
തുടർന്ന് മുകേഷ് ചൗധരി, ബന്ധുക്കളായ മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവർ ചേർന്ന് ഇഷ്ടിക, കല്ല്, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് കിരൺ ദേവിയെ ആക്രമിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
ആക്രമണത്തിൽ കിരൺ ദേവിയുടെ രണ്ട് സഹോദരഭാര്യമാർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവം കൂടുതലായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ചികിത്സയ്ക്കിടയിൽ കിരൺ ദേവി മരണപ്പെടുകയായിരുന്നു. നാല് മക്കളുടെ മാതാവാണ് കിരൺ ദേവി.
പ്രദേശത്തെ രണ്ട് കുടുംബങ്ങൾക്കിടയിൽ നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നുവെന്നും അതാണ് സംഘർഷത്തിന് കാരണമായതെന്നും രജൗളി സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത് കുമാർ വ്യക്തമാക്കി.
ഇരുവിഭാഗങ്ങളിൽ നിന്നായി നാല് മുതൽ അഞ്ച് പേർക്ക് വരെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവെന്നും, പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.
നവാഡ ജില്ലയിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട അക്രമങ്ങൾ പുതുമയല്ല. ഏകദേശം ഒന്നര വർഷം മുൻപ് രജൗളിയിൽ ഒരു സ്ത്രീയെ മന്ത്രവാദിനിയെന്ന് ആരോപിച്ച് ജീവനോടെ കത്തിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷവും സമാനമായ സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിട്ടുണ്ട്.
English Summary
A 35-year-old woman, Kiran Devi, was beaten to death in Bihar’s Nawada district after neighbours accused her of practicing witchcraft.
bihar-witchcraft-accusation-woman-beaten-to-death-nawada
Bihar, witchcraft, superstition, mob violence, Nawada, crime, India news









