അഖില്‍ മാരാരുടെ ആധിപത്യമാണ് ബിഗ് ബോസില്‍ ഉള്ളതെന്ന് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി ഫിറോസ് ഖാന്‍. അഖില്‍ മാരാരിനൊത്ത എതിരാളികള്‍ അവിടെ ഇല്ലെന്നും പലരും ഉറങ്ങികിടക്കുകയാണെന്നും ഫിറോസ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. റോബിനും രജിത് കുമാറിനും ശേഷം ബിഗ് ബോസ് സീസണ്‍ ഫൈവില്‍ അതിഥികളായി എത്തിയവരാണ് ഫിറോസ് ഖാനും റിയാസ് സലീമും. ഇരുവരും ബിഗ് ബോസ് ഹൗസില്‍ എത്തിയത് കോടതി ടാസ്‌ക് എന്ന ഗെയിമിന്റെ ഭാഗമായാണ്. ടാസ്‌ക് പൂര്‍ത്തിയാക്കി ബിഗ് ബോസ് ഹൗസില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.
”ബിഗ് ബോസ് ഹൗസില്‍ ആരൊക്കെ നില്‍ക്കണമെന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് മുന്നില്‍ കണ്ട് കളിക്കുന്നിടത്താണ് ഒരാളുടെ വിജയം. മാരാരെക്കുറിച്ചാണ് അവിടെ എല്ലാവരും സംസാരിക്കുന്നതെങ്കില്‍ അത് അയാളുടെ വിജയമാണ്. മുന്‍കാല ചരിത്രങ്ങള്‍ നോക്കിയാല്‍ അറിയാം. ഒരാളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അയാള്‍ വിജയിച്ചുവെന്നാണ് അര്‍ഥം.
ഞങ്ങള്‍ പോകുന്നതുവരെ കപ്പ് മാരാര്‍ക്ക് തന്നെയാണെന്നത് നൂറു ശതമാനം ഉറപ്പായിരുന്നു. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തി അവരോട് പറഞ്ഞുകൊടുത്തിരിക്കുന്ന കാര്യങ്ങള്‍ തലയിലേക്ക് കയറി കഴിഞ്ഞാല്‍ കളി മാറും. കാരണം വിഷ്ണുവൊക്കെ നല്ല ഫയറുള്ള ഗെയിമറാണ്. ഇനിയുള്ള അവസരങ്ങളില്‍ മാറുമെന്നാണ് വിശ്വാസം. അനിയന്‍ മിഥുന്‍ ഉറങ്ങികിടക്കുവാണ്. നല്ല മനുഷ്യനാണ്, പക്ഷേ ഗെയിമറല്ല.
ഞങ്ങളൊരു ഗെയിമറായല്ല അവിടേക്ക് പോയത്, ചാലഞ്ചറായാണ്. ഗെയിമറായി പോകുകയാണെങ്കില്‍ നമ്മുടെ കുറേ പെര്‍ഫോമന്‍സ് അവിടെ കാഴ്ചവയ്ക്കാന്‍ പറ്റും. അവരെകൊണ്ട് കൂടുതല്‍ പെര്‍ഫോമന്‍സ് കാഴ്ച വയ്പ്പിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. മാരാര്‍ ഭയങ്കര ബ്രില്യന്റാണ്. അദ്ദേഹത്തിന്റെ കളികള്‍ പലരും അറിയാതെ പോയതിന് ഞങ്ങളൊന്ന് കാണിച്ചുകൊടുത്തു. പിന്നെ മാരാരെ ചുറ്റിപ്പറ്റി ഒന്നുരണ്ട് പേരുണ്ട്. അവരും നല്ല കഴിവുള്ളവരാണ്. മാരാര്‍ക്ക് ശക്തരായ എതിരാളികള്‍ അവിടെ ഇല്ല. ശരിക്കും ഫയറുള്ള കുറച്ചുപേര്‍ ഉറങ്ങികിടക്കുകയാണ്.