പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇളയദളപതി വിജയ് ചിത്രം ‘ലിയോ’യുടെ കേരള വിതരണാവകാശം ഗോകുലം ഗോപാലന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചതത്രേ. എന്നാല്‍ കൂടുതല്‍ തുകയുമായി മുന്നില്‍ നിന്ന ഗോകുലം ഗോപാലനാണ് അവസാനം നറുക്ക് വീണത്. നിര്‍മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജും. അതുകൊണ്ടുതന്നെ കേരളത്തിലും സിനിമയ്ക്കുവേണ്ടി വലിയൊരു പ്രേക്ഷകവിഭാഗം കാത്തിരിക്കുന്നുണ്ട്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ 19ന് റിലീസിനെത്തും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധാണ് ഒരുക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്ര’ത്തിനുശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വിജയ്യുടെ പാന്‍ ഇന്ത്യന്‍ ചിത്രമായാകും ‘ലിയോ’യില്‍ ഒരുങ്ങുക. ഹിന്ദി, മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിവരും ഹിന്ദിയില്‍ നിന്നും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആക്ഷന്‍ കിങ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൃഷയാണ് നായിക.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ലൈക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസ് ആണ്.