കായംകുളം എരുവയിൽ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചനിലയിൽ. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി(ലൗലി)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ ഭർത്താവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
ഇരുവരും വാടകയ്ക്കാണ് താമസിച്ചിരുന്നത്. രണ്ടു ദിവസം മുൻപ് മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന്റെ സ്വീകരണ മുറിയിലാണ് ലൗലിയുടെ മൃതദേഹം കിടന്നിരുന്നത്. വായിൽനിന്നു രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ അമർത്തിയ താരത്തിലുള്ള പാട് ഉള്ളതായും പോലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രശാന്തിനെ കാണാതായതാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതാണ് എന്ന നിഗമനത്തിൽ എത്താൻ കാരണം. ഭർത്താവ് ശനിയാഴ്ച പുലർച്ച വരെയും വീട്ടിലുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണവും. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.









