ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ വ്യാജവേഷം ധരിച്ച തട്ടിപ്പുകാരുടെ സംഘത്തിന് ഇരയായി ഒരു 57 വയസ്സുകാരി സോഫ്റ്റ്‌വെയർ എൻജിനീയറിന് 31.83 കോടി രൂപയുടെ നഷ്ടം.
ആറ് മാസം നീണ്ട ‘ഡിജിറ്റൽ അറസ്റ്റ്’ എന്നാണ് പൊലീസ് ഈ അതിവിപുലമായ തട്ടിപ്പിനെ വിശേഷിപ്പിക്കുന്നത്.
പാഴ്സലിൽ പാസ്‌പോർട്ടും ലഹരി മരുന്നും ഉണ്ടെന്ന ഭീഷണിയോടെ കബളിപ്പ്
2024 സെപ്റ്റംബർ 15നാണ് വ്യാജ ഡിഎച്ച്എൽ ജീവനക്കാരന്റെ ആദ്യ കോൾ ലഭിച്ചത്. മുംബൈയിൽ നിന്ന് ഒരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും അതിൽ നാല് പാസ്‌പോർട്ടും, മൂന്ന് ക്രെഡിറ്റ് കാർഡുകളും, ലഹരി മരുന്നായ എംഡിഎംഎയുമുണ്ടെന്നും പ്രതികൾ ആരോപിച്ചു.
പരാതിക്കാരി മുംബൈയിൽ പോയിട്ടില്ലെന്ന് പറഞ്ഞപ്പോൾ പരാതിയിൽ പറഞ്ഞിരിക്കുന്ന പേരും വിവരങ്ങളും ദുഷ്പ്രയോഗം ചെയ്തതാകാമെന്നും ഇത് സൈബർ കുറ്റമാണെന്നും അവരെ ഭീഷണിപ്പെടുത്തി.
തുടർന്ന് കോൾ സിബിഐ ഉദ്യോഗസ്ഥരെന്ന് നടിക്കുന്ന മറ്റൊരു സംഘത്തിലേക്ക് മാറ്റി. അവർ ഉടൻ അറസ്റ്റ് ചെയ്യുമെന്നും, പൊലീസിനെയോ മറ്റാരെയോ സമീപിച്ചാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അവർ ഭീഷണിപ്പടുത്തി.
സ്കൈപ്പ് വഴി 24 മണിക്കൂർ നിരീക്ഷണം; വീട്ടുതടങ്കലിൽ വച്ചതെന്ന വ്യാജ നാടകമൊരുക്കി
ശേഷം അവർ വീട്ടുതടങ്കൽ നടപ്പാക്കുകയാണെന്ന് പറഞ്ഞ് സ്കൈപ്പ് വഴി പരാതിക്കാരിയെ ദിവസങ്ങളോളം നിരീക്ഷിച്ചു.
പിന്നീട് എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങൾ റിസർവ് ബാങ്ക് കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് (FIU) സമർപ്പിക്കണമെന്ന് പറഞ്ഞു.
2024 സെപ്റ്റംബർ 24നും ഒക്ടോബർ 22നും ഇടയ്ക്ക്, തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരി ബാങ്ക് വിവരങ്ങൾ മുഴുവൻ കൈമാറുകയും 90% സ്വത്ത് ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിതയാകുകയും ചെയ്തു.
മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും
വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി വീണ്ടും പണം ആവശ്യപ്പെട്ടു
2024 ഡിസംബർ 1ന്, ‘കേസ് ക്ലോസ് ചെയ്തു’ എന്ന വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി.
പക്ഷേ 2025ൽ വീണ്ടും പണം ആവശ്യപ്പെടുകയും, എല്ലാം ഫെബ്രുവരിയിൽ തിരികെ നൽകാമെന്നും ഉറപ്പുനൽകുകയും ചെയ്തു. ഒടുവിൽ 2025 മാർച്ച് 26ന് തട്ടിപ്പുകാർ പൂർണമായും അപ്രത്യക്ഷമായി.
ബെംഗളൂരു പൊലീസിന്റെ അന്വേഷണം; രാജ്യത്തെ വലിയ ഡിജിറ്റൽ തട്ടിപ്പുകളിൽ ഒന്ന്
പരാതിക്കാരിയുടെ 187 ട്രാൻസാക്ഷനുകളിലൂടെയാണ് 31.83 കോടി നഷ്ടമായത്. സംഭവം അറിഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രാജ്യത്ത് വ്യാപകമാകുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളുടെ ഏറ്റവും വലിയ കേസുകളിൽ ഒന്നാണിത്.
English Summary
A 57-year-old software engineer from Bengaluru lost ₹31.83 crore in a six-month-long “digital arrest” scam. Fraudsters posed as DHL staff, CBI officers and RBI officials, threatened her with arrest, monitored her via Skype, and forced her to transfer her assets. Police have registered a case and launched an investigation.









