തോരാതെ മഴപെയ്യുന്ന മണ്‍സൂണ്‍ കാണാനൊക്കെ സന്തോഷമാണെങ്കിലും മഴയത്ത് പുറത്തിറങ്ങേണ്ടിവരുന്നത് അല്പം മടിയുള്ള കാര്യമാണ്. എളുപ്പത്തില്‍ വസ്ത്രം തിരഞ്ഞെടുത്ത് വേനല്‍ കാലത്ത് ഓഫീസില്‍ പോയിരുന്നത് പോലെ, മഴയത്ത് കഴിയില്ലെന്ന ആശങ്കയാണ് ആദ്യം. വസ്ത്രങ്ങള്‍ നനഞ്ഞൊട്ടുമെന്ന ചിന്തയില്‍ എന്തിടണമെന്ന ആശയക്കുഴപ്പവും. ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ മഴക്കാലത്തെയും സ്‌റ്റൈലില്‍ വരുതിയിലാക്കാം.
തുണി തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍
മഴക്കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ തുണിയുടെ പ്രത്യേകത പരിഗണിക്കേണ്ടത് പ്രധാനമാണ്. സുഖപ്രദമായതും എളുപ്പത്തില്‍ ഉണങ്ങുന്നതുമായ തുണികള്‍ തിരഞ്ഞെടുക്കാം. കോട്ടണ്‍, ലിനന്‍ എന്നിവയ്ക്ക് പുറമെ ചൂടുകാലത്ത് ഇടാന്‍ ബുദ്ധിമുട്ടുള്ള പോളിസ്റ്റര്‍ തുണിത്തരങ്ങള്‍ ഈ സമയം പരിഗണിക്കാം. വേഗത്തില്‍ ഉണങ്ങുമെന്നത് പൊളിസ്റ്റര്‍ വസ്ത്രങ്ങളെ സൗകര്യപ്രദമാക്കും.
മണ്‍സൂണിലെ നിറങ്ങള്‍
നിറങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഉചിതമായ സീസണാണ് മണ്‍സൂണ്‍. മഞ്ഞ, നീല, പിങ്ക് തുടങ്ങി നിയോണ്‍ നിറങ്ങള്‍ വരെ ഈ സീസണില്‍ പരീക്ഷിക്കാം. ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാനും ‘ഫ്രെഷ്’ ആയി കാണപ്പെടാനും ഈ നിറങ്ങള്‍ സഹായിക്കും. മൂടിയ കാലാവസ്ഥ മഴക്കാലത്തിന്റെ പ്രത്യേകതയായതിനാല്‍ ഇരുണ്ട നിറങ്ങളെ മാറ്റിനിര്‍ത്താം. നനഞ്ഞാല്‍ സുതാര്യമാകാനും അഴുക്കുപറ്റാനുമുള്ള സാധ്യത പരിഗണിച്ച് വെള്ളയും ഇളം നിറങ്ങളും ഒഴിവാക്കുകയാകും ഉചിതം.
ഫിറ്റും പ്രധാനം
ശ്വസിക്കാന്‍ കഴിയുന്ന തുണിത്തരങ്ങള്‍ ധരിക്കുന്നതിനു പുറമേ, സുഖപ്രദമായ ഫിറ്റുകളും തിരഞ്ഞെടുക്കണം. ശരീരത്തില്‍ ഇറുകിയ വസ്ത്രങ്ങള്‍ ദിവസം മുഴുവന്‍ അസ്വസ്ഥമാക്കാന്‍ സാധ്യതയുണ്ട്. അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ ഫിറ്റുകളാകും ഉചിതം. കട്ടിയുള്ള ഡെനിമും ഒഴിവാക്കാം.
നനയുന്ന സാഹചര്യമുണ്ടായാല്‍ കംഫെര്‍ട്ടിനെ ബാധിക്കാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങളാകും നല്ലത്. ഓവര്‍സൈസ് വസ്ത്രങ്ങള്‍ ഇതിനകം ട്രെന്‍ഡിലാണ്, സീസണിന് അനുയോജ്യമാം വിധം അവ സ്‌റ്റൈല്‍ ചെയ്താല്‍ മതിയാകും.
സ്‌റ്റൈലിങ്ങില്‍ ഈ ശ്രദ്ധ
കടും നിറങ്ങള്‍ ധരിക്കാന്‍ മടിയുള്ളവര്‍ക്ക് കറുപ്പിനൊപ്പം ചേര്‍ത്ത് ഇവയെ സ്‌റ്റൈല്‍ ചെയ്യാം. ഉദാഹരണത്തിന്, കറുത്ത ട്രൗസറിനൊപ്പം ഈ നിറങ്ങളിലെ കുര്‍ത്തയോ ബട്ടണ്‍ ഡൗണ്‍ ഷര്‍ട്ടുകളോ ധരിച്ച് ഓഫീസില്‍ പോകാം. പ്രിന്റുകളും ടെക്‌സ്ചറുകളുമുള്ള വസ്ത്രങ്ങളും ഈ സീസണില്‍ മാറ്റിവക്കേണ്ട. മഴക്കാലത്ത് ധരിക്കുന്ന ആഭരണങ്ങളിലും വേണം ശ്രദ്ധ. വെള്ളം വീണാല്‍ നശിക്കാന്‍ സാധ്യതയില്ലാത്ത ആഭരണങ്ങള്‍ തിരഞ്ഞെടുക്കണം.
ചെരുപ്പ് തിരഞ്ഞെടുക്കുമ്പോള്‍
വസ്ത്രം തിരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ് അവയ്ക്ക് ചേരുന്ന ചെരുപ്പുകള്‍ ധരിക്കുന്നതും. ലെതര്‍, സ്യൂഡ്, ക്യാന്‍വാസ് പോലെ മഴ നനഞ്ഞാല്‍ നശിച്ചു പോകുന്ന വസ്തുക്കളാന്‍ നിര്‍മ്മിച്ച പാദരക്ഷകള്‍ ഒഴിവാക്കണം. അല്പം ഹീലുള്ള ചെരുപ്പുകള്‍ തിരഞ്ഞെടുത്താല്‍ മഴവെള്ളം ചവിട്ടി നടക്കേണ്ട സാഹചര്യത്തില്‍ എളുപ്പമാകും. എന്നാല്‍ ഒരുപാട് ദൂരം നടക്കേണ്ടവര്‍ സൗകര്യം കൂടി പരിഗണിക്കണം. പോയിന്റഡ് ഹീലുകള്‍ക്ക് പകരം വെഡ്ജസ് ആകാം. ഓഫീസിലെ സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ ഫ്‌ലിപ് ഫ്‌ലോപ്പുകളും റബര്‍ ചെരുപ്പുകളും കാലാവസ്തയ്ക്ക് അനിയോജ്യമാണ്.