സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ടെംബ ബാവുമ പുറത്ത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റത് ആണ് താരത്തിന് തിരിച്ചടിയായത്. ബാവുമയുടെ അഭാവത്തിൽ ടീമിനെ നയിക്കാനുള്ള ചുമതല ഓപ്പണറും കഴിഞ്ഞ മത്സരത്തിലെ വിജയശിൽപിയുമായ ഡീൻ എൽഗറിനാണ്. പരമ്പരയിലെ അവസാന മത്സരമായ രണ്ടാം ടെസ്റ്റ്, എൽഗറിന്റെ വിരമിക്കൽ മത്സരം കൂടിയാണ്. രണ്ടാഴ്ച മുൻപാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ജനുവരി 3 മുതൽ 7 വരെയാണ് രണ്ടാം ടെസ്റ്റ്.
ഒന്നാം ടെസ്റ്റിന്റെ ആദ്യദിനമായ ചൊവ്വാഴ്ചയാണ് നായകൻ ബാവുമയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ്ങിനു പരിക്കേറ്റ താരം മത്സരം പൂർത്തിയാക്കാതെ പുറത്തുപോകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ബാറ്റു ചെയ്യാനും ബാവുമ ഇറങ്ങിയില്ല. ഇതോടെ 84 റൺസുമായി പുറത്താകാതെനിന്ന മാർകോ യാൻസന് സഹബാറ്റർ ഇല്ലാതെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടിവന്നു. രണ്ടാഴ്ചയ്ക്കകം ബാവുമയുടെ പരിക്ക് ഭേദമാവുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.
ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചറി നേടിയ എൽഗറിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ അനായാസ ജയത്തിലെത്തിച്ചത്. 287 പന്തിൽനിന്ന് 28 ബൗണ്ടറികൾ സഹിതം 185 റൺസ് നേടിയ എൽഗറാണ് കളിയിലെ താരം. ഡേവിഡ് ബെഡിൻഗാം (56), മാർകോ യാൻസൻ (84*) എന്നിവർ അർധ സെഞ്ചറി നേടി. 408 റൺസാണ് പ്രോട്ടീസ് ആദ്യ ഇന്നിങ്സിൽ നേടിയത്. ഒന്നാം ഇന്നിങ്സിൽ 245 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 131ന് പുറത്താകുകയായിരുന്നു.
Read Also: ഡക്കിന്റെ നാണക്കേടിൽ രോഹിത്, തോൽവിയിലും റെക്കോർഡ് നേടി കോലി; ഇന്ത്യയ്ക്ക് ഇതെന്തു പറ്റി?