ബാലമുരുകനെ കൊണ്ടുവന്നത് കാറിൽ കൈവിലങ്ങില്ലാതെ
തൃശൂർ: കുപ്രസിദ്ധ മോഷ്‌ടാവ് ബാലമുരുകൻ (45) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന് കേരള പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ബന്ദൽകുടി എസ്‌ഐ നാഗരാജനും മറ്റു രണ്ടു പൊലീസുകാരുമെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
തെളിവെടുപ്പിനായി കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ കൊണ്ടുവന്നത്. മാത്രമല്ല, കൈവിലങ്ങണിയിക്കാതെയാണ് പുറത്തുവിട്ടതും. ഇതെല്ലാം തമിഴ്‌നാട് പൊലീസിന്റെ വലിയ അശ്രദ്ധയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബാലമുരുകൻ കഴിഞ്ഞ രാത്രി 9.40ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, തമിഴ്‌നാട് പൊലീസ് വിവരം മറച്ചുവെച്ച് ഒരു മണിക്കൂറിന് ശേഷം, 10.40ന് മാത്രമാണ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത്. തമിഴ്‌നാട് പൊലീസിന്റെ തിരച്ചിലിനും ശേഷവും പ്രതിയെ കണ്ടെത്താനായിട്ടില്ല.
നിലവിൽ ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ കഴിഞ്ഞ മേയിലും സമാനമായ രീതിയിൽ തമിഴ്‌നാട് പൊലീസിന്റെ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ രക്ഷപ്പെട്ടത്.
പ്രതി വീണ്ടും ബൈക്ക് മോഷ്ടിച്ച് കടന്നുകളയാനുള്ള സാധ്യതയുള്ളതിനാൽ തൃശൂരിൽ ബൈക്കുകൾ താക്കോൽ വച്ച് വിടരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. എവിടെയെങ്കിലും ബൈക്ക് മോഷണം റിപ്പോർട്ട് ചെയ്താൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
രക്ഷപ്പെട്ട സമയത്ത് ബാലമുരുകൻ കറുപ്പ് നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഇയാളെപ്പറ്റി വിവരമുണ്ടെങ്കിൽ വിയ്യൂർ എസ്‌എച്ച്‌ഒയെ (9497947202) ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
English Summary:
Notorious thief Balamurukan (45) escaped from Tamil Nadu Police custody, prompting Kerala Police to allege serious negligence by Tamil Nadu officers. Cases will be filed against Bandalkudi SI Nagarajan and two other policemen for procedural lapses.
The accused was brought back from evidence collection in a private car and was not handcuffed at the time of escape. He fled around 9:40 p.m., but Tamil Nadu Police informed Kerala only an hour later. Despite searches, he remains at large.
Balamurukan faces 53 criminal cases, including robbery and attempted murder. He had previously escaped police custody in May using a stolen bike. Kerala Police have issued warnings to local residents not to leave motorcycles with keys inserted and to report any theft immediately.
He was last seen wearing a black shirt and white mundu. Information can be reported to the Viyyur SHO at 9497947202.









