ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി റിമാൻഡിൽ വിട്ടു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
നിലവിൽ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
അറസ്റ്റിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുകയും പൊട്ടൻസി പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകളും നടത്തുകയും ചെയ്തു.
പത്തനംതിട്ട എആർ ക്യാമ്പിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വൈദ്യപരിശോധനയ്ക്കായി രാഹുലിനെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ നിന്നും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ശക്തമായ പൊലീസ് സുരക്ഷയിലാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
മൂന്നാമത്തെ ബലാത്സംഗപരാതിയിൽ അതീവ രഹസ്യമായാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ച മുതൽ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ അർധരാത്രി 12.30 ഓടെ പാലക്കാട് ജില്ലയിലെ ഒരു ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നിട്ടുള്ളത്.
യുവതിയുമായി നീണ്ട കാലയളവിൽ ബന്ധം നിലനിന്നിരുന്നുവെന്നും അതിന്റെ മറവിൽ ശാരീരികവും മാനസികവുമായ പീഡനം നടന്നുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
എന്നാൽ പത്തനംതിട്ട എആർ ക്യാമ്പിൽ നടന്ന ചോദ്യം ചെയ്യലിൽ രാഹുല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്നും പരാതികൾ രാഷ്ട്രീയ പ്രേരിതമാണെന്നും രാഹുല്‍ അന്വേഷണ സംഘത്തോട് ആവർത്തിച്ചു.
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.









