ഫ്ലോറിഡ: ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഇന്ത്യൻ സമയം നാലരയോടെയായിരുന്നു ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ പൂർത്തിയാക്കിയത്.
ഡോക്കിങ്ങിന്റെ സോഫ്റ്റ് ക്യാപ്ചർ പൂർത്തിയായശേഷം നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. തുടർന്ന് ഡോക്കിങ് പ്രക്രിയ പൂർത്തിയായപ്പോൾ ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ പ്രവർത്തനങ്ങൾ നടന്നു.
ഇന്ത്യൻ സമയം 6 മണിക്ക് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്കു പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവർ നാലംഗ സംഘത്തെ സ്വീകരിച്ചു.
ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനെന്ന ചരിത്ര നേട്ടമാണ് ശുഭാംശു ശുക്ല സ്വന്തമാക്കിയത്. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ.
ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നായിരുന്നു ആക്സിയം –4 ദൗത്യത്തിന്റെ വിക്ഷേപണം നടന്നത്.
പതിനാല് ദിവസത്തെ ദൗത്യമാണ് ലക്ഷ്യമിടുന്നത്. നേരത്തെ മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി വെച്ചു.
14 ദിവസം ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ശുഭാംശുവും സംഘവും ഏർപ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങൾ നടത്തും എന്നാണ് റിപ്പോർട്ടുകൾ.
മുൻ നാസ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
550 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ൽ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയത്.
Summary: Indian astronaut Shubhamshu Shukla and the Axiom-4 crew successfully docked with the International Space Station around 4:30 PM IST. The mission marks a major milestone for India in space exploration.