മഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഒച്ചുകളുടെ ശല്യം. വീടുകള്‍ക്കുള്ളില്‍ കയറുക മാത്രമല്ല മുറ്റത്തെയും പറമ്പിലെയും ചെടികളും മറ്റും നശിപ്പിക്കാനും ഒച്ചുകള്‍ വിരുതന്മാരാണ്. ഒച്ചുശല്യം ഉണ്ടായാല്‍ ചെടികള്‍ അപ്പാടെ നാശമാവുകയാണ് പതിവ്. ഒച്ചുകളില്‍ നിന്നും എളുപ്പത്തില്‍ രക്ഷനേടാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
മുട്ടത്തോട്
ചെടികള്‍ക്ക് ചുവട്ടില്‍ വളമായി മുട്ടത്തോട് ഉപയോഗിക്കുന്നത് ഒച്ചുകളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗം കൂടിയാണ്. നിരപ്പായ പ്രതലത്തില്‍ കൂടി മാത്രമേ ഒച്ചുകള്‍ക്ക് ഇഴഞ്ഞുനീങ്ങാന്‍ സാധിക്കു. ചെടികള്‍ക്ക് ചുവട്ടില്‍ ഏറെ മുട്ടത്തോട് വിതറിയാല്‍ ഒച്ചുകള്‍ അവയ്ക്ക് സമീപത്തേക്ക് എത്താതെ പ്രതിരോധം തീര്‍ക്കാനാവും.
ഉപ്പ്
ഒച്ചുകളെ തുരത്താനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാര്‍ഗമാണ് ഉപ്പിന്റെ ഉപയോഗം. ഒച്ചുകളെ കണ്ണില്‍പെട്ടാല്‍ ഉടന്‍തന്നെ അവയുടെ മേലേയ്ക്ക് അല്പം ഉപ്പു വിതറുക. മുറ്റത്തും പറമ്പിലുമാണ് ഒച്ചു ശല്യമെങ്കില്‍ മണ്ണില്‍ ഉപ്പ് വിതറിയാല്‍ മതിയാകും.
പുതിനയില
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഒച്ചുകളെ തുരത്താനും പുതിന ഇലകള്‍ ഫലപ്രദമാണ്. പുതിന ഇലയുടെ രൂക്ഷഗന്ധത്തെ ചെറുത്തുനില്‍ക്കാന്‍ ഒച്ചുകള്‍ക്ക് സാധിക്കില്ല. ഒച്ചു ശല്യമുള്ള പ്രദേശങ്ങളില്‍ പുതിനയില വെറുതെ വിതറിയാല്‍ അവയുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാനാകും.
മണ്ണ് ഇളക്കിയിടുക
ഒച്ചുകളുടെ സുഗമമായ സഞ്ചാരത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ഇത്. ഇളകിയ മണ്ണിന് പുറമേ കൂടി സഞ്ചരിക്കുന്നത് ഒച്ചുകള്‍ക്ക് ആയാസകരമായതിനാല്‍ അവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ ഈ മാര്‍ഗ്ഗം സഹായിക്കും.
ചെടി നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഈര്‍പ്പമുള്ള മണ്ണിലാണ് ഒച്ചുകള്‍ മുട്ടയിട്ട് പെരുകുന്നത്. രാത്രികാലങ്ങളിലാണ് ഇവ മുട്ടയിടാറ്. അതിനാല്‍ ചെടികള്‍ക്ക് കഴിവതും രാവിലെതന്നെ വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കുക. വൈകുന്നേരമാവുമ്പോഴേക്കും മണ്ണിലെ ജലാംശം ഏതാണ്ട് പൂര്‍ണ്ണമായി നീങ്ങുന്നതിനാല്‍ ഒച്ചുകള്‍ പരിസരങ്ങളില്‍ മുട്ടയിട്ട് പെരുകാതെ തടയാന്‍ ഇത് സഹായിക്കും.