കണ്ണൂർ: ആത്മകഥ വിവാദത്തെ തുടർന്ന് ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.(Autobiography Controversy; police recorded EP Jayarajan’s statement)
വിഷയത്തിൽ ഡി സി ബുക്സിനെതിരെ ഇ പി ജയരാജൻ നിയമ നടപടി സ്വീകരിച്ചിരുന്നു. തന്റെ ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇ പി ജയരാജനും ഡിസി ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.
‘കട്ടൻചായയും പരിപ്പുവടയും’ എന്നപേരിൽ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. പുസ്‌തകത്തിൽ രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്ന് വിമർശിച്ചിരുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിനെതിരെയും വിമർശനം ഉണ്ടായിരുന്നു.