ന്യൂഡല്‍ഹി: അഞ്ച് ടെസ്റ്റ് പരമ്പരകള്‍ക്കായുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഈ വര്‍ഷം നവംബറില്‍ ആരംഭിക്കും. ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയുടെ ഭാഗമായാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 22-ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2024-25 വര്‍ഷത്തെ പട്ടികയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര സംബന്ധിച്ച വിവരങ്ങളുള്ളത്. പരമ്പര 2025 ജനുവരിവരെ നീളും.
അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായുള്ള മത്സരമായിരിക്കും. ബ്രിസ്ബണ്‍, മെല്‍ബണ്‍, സിഡ്‌നി തുടങ്ങിയ വേദികളാണ് ശേഷിച്ച ടെസ്റ്റുകള്‍ക്ക് വേദിയാവുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറുമുതല്‍ പത്തുവരെ രണ്ടാം ടെസ്റ്റും 14 മുതല്‍ 18 വരെ മൂന്നാം ടെസ്റ്റും 26 മുതല്‍ 30 വരെ നാലാം ടെസ്റ്റും നടക്കും. 2025 ജനുവരി മൂന്ന് മുതല്‍ ഏഴുവരെയായിരിക്കും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.
1991-92-ന് ശേഷം ആദ്യമായാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുരാജ്യങ്ങള്‍ക്കും മുന്നേറാനുള്ള അവസരമായിരിക്കും ഇത്. ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെത്തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വനിതാ ഏകദിനവും നടക്കും. ഡിസംബര്‍ അഞ്ചുമുതല്‍ 11 വരെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ വനിതകളുടെ പരമ്പര. ഡിസംബര്‍ അഞ്ച്, എട്ട്, 11 തീയതികളിലാണ് മത്സരങ്ങള്‍.