ചാലക്കുടി: വെട്ടി തിളയ്ക്കുന്ന കഞ്ഞിയിൽ തല മുക്കിപ്പിടിച്ച് ഭാര്യയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെ (30) ആണ് വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണനും സംഘവും പിടികൂടിയത്.
തിങ്കളാഴ്ചയാണ് സംഭവം. യുവതി സ്വന്തം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ ആക്രമിക്കുകയും മുഖത്തടിക്കുകയും കഴുത്തിൽപിടിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി തിളയ്ക്കുന്ന കഞ്ഞിയിൽ തല മുക്കിപ്പിടിച്ച് ഗുരുതരമായി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
യുവതി നിലവിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡെറിൻ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാണ്.