തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിനുനേരെ ആക്രമണം നടത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം. അക്രമാസക്തരായ പ്രതികൾ കൺട്രോൾ റൂമിലെ എസ്ഐയെ മർദ്ദിക്കുകയും, ജീപ്പിൻറെ ചില്ല് തകർക്കുകയും ചെയ്തു. സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കരിമഠം കോളനിയിൽ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീൺ(19), പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. കൊലക്കേസിൽ പ്രതിയാണ് പിടിയിലായ പ്രവീൺ. രാത്രി പന്ത്രണ്ട് മണിയോടുകൂടി പാപ്പനംകോട് ജംഗ്ഷനിലാണ് ആക്രമണം നടന്നത്. ലഹരി പരിശോധനയുടെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിന് ഇടയിലായിരുന്നു മർദനം.
വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികൾ സമീപത്തെ തട്ടുകടയിലും കയറി ബഹളമുണ്ടാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച നേമം പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് പ്രതികളിൽ ഒരാൾ പോലീസ് ജീപ്പിൻറെ ചില്ല് കൈ കൊണ്ട് ഇടിച്ചു തകർത്തത്.
വാഹനത്തിന്റെ ചില്ലു തകർത്തപ്പോൾ കൈയ്ക്ക് പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി കൂടുതൽ ആക്രമാസക്തനായതിനെ തുടർന്ന് അവിടെനിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ എത്തിയ ശേഷവും പ്രതികൾ സമീപത്തുണ്ടായിരുന്നവരെയും, രോഗികളെയും അസഭ്യം പറയുകയും, ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.