തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകളുടെ സംഘടനകൾ സമരം പിൻവലിച്ചതോടെ സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി. സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി അനുഭാവ പൂർണ്ണമായ നിലപാടെടുത്തതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. അതേസമയം, ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ലെങ്കിലും സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
സമരത്തെ തുടർന്ന് രണ്ടേമുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്. മുടങ്ങിയ ടെസ്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കാനും ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നിൽ അധികം എംവിഐ ഉള്ള സ്ഥലങ്ങളിൽ 80 ടെസ്റ്റും നടക്കും.
രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കാം എന്നും ധാരണയായിട്ടുണ്ട്. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ. ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് വെക്കും. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും.