കുർള: ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്ന് മാസം പ്രായമായ മകളെ നിലത്തെറിഞ്ഞ് കൊന്ന് യുവാവിന്റെ ക്രൂരത. നവജാത ശിശുവിന്റെ അമ്മയുടെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കുർളയിലാണ് നാടിനെ നടുക്കിയ സംഭവം. പർവേസ് സിദ്ദിഖി എന്ന 33 കാരനാണ് മകളെ നിലത്തെറിഞ്ഞ് കൊന്നത്.
ഇയാളും ഭാര്യയും തമ്മിൽ എന്നും തർക്കം പതിവായിരുന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞും സമാനമായ തർക്കം ഇവർക്കിടയിൽ ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് പെട്ടന്നുണ്ടായ പ്രകോപനത്തിൽ 33കാരൻ മകളെ ഭാര്യയുടെ കയ്യിൽ നിന്ന് വാങ്ങി നിലത്തേക്ക് എറിയുകയായിരുന്നു. ആഫിയ എന്ന പിഞ്ചുകുഞ്ഞാണ് ഈ ക്രൂരതക്ക് ഇരയായത് കൊല്ലപ്പെട്ടത്. മാതാപിതാക്കളും രണ്ട് അനിയൻമാരും ഭാര്യയും മൂന്ന് പെൺമക്കളുമുള്ള കുടുംബത്തിലാണ് അതിക്രമം നടന്നത്. ഈ ദമ്പതികൾക്ക് അഞ്ചും രണ്ടും വയസ് പ്രായമുള്ള രണ്ട് പെൺമക്കൾ കൂടിയുണ്ട്.
അക്രമം നടക്കുന്ന സമയത്ത് 33കാരന്റെ മാതാപിതാക്കൾ വീട്ടിലെ ഹാളിലും ഭാര്യ മൂത്ത കുട്ടികൾക്കൊപ്പം കിടപ്പുമുറിയിലുമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ വിമുഖത കാണിച്ച സമയത്ത് ഭാര്യ വഴക്ക് പറഞ്ഞതിൽ പ്രകോപിതനായാണ് ഇയാൾ പിഞ്ചുമകളെ എടുത്തെറിഞ്ഞത്.
ഹാളിൽ ഇരുന്ന മാതാപിതാക്കളുടെ മുന്നിലേക്കാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇയാൾ വലിച്ചെറിഞ്ഞത്. ഇതിന് പിന്നാലെ ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകിയത്.