കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസിൽ വിധി നാളെ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഗ്രോ വാസു കോടതിയിൽ പറഞ്ഞു. ഇന്ന് ഗ്രോ വാസുവിന്റെ വാദം കേട്ട ശേഷമാണ് വിധി പറയാൻ നാളത്തേക്ക് മാറ്റിയത്. ഗ്രോ വാസുവും സഹപ്രവർത്തകരും സംഘം ചേർന്നതിനും, മാർഗ്ഗ തടസം സൃഷ്ടിച്ചതിനും തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.കോടതി മുന്നറിയിപ്പ് പാലിക്കാതെ മുദ്രാവാക്യം വിളികളോടെയാണ് ഇത്തവണയും ഗ്രോ വാസുവെത്തിയത്.സാക്ഷി മൊഴികൾ വായിച്ചു കേൾപ്പിച്ച ശേഷം ഗ്രോ വാസുവിന്റെ വാദം കേൾക്കാനായിരുന്നു ഇന്നത്തെ വിചാരണ. പ്രതി ചെയ്ത കുറ്റങ്ങൾക്ക് തെളിവും സാക്ഷികളും എവിടെയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടി ഉണ്ടായില്ല. കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു ഗ്രോ വാസുവിന്റെ വാദം. മുദ്രാവാക്യം വിളിച്ചെന്ന് കോടതിയിൽ സമ്മതിച്ച ഗ്രോ വാസു അതിനുള്ള ശിക്ഷ ഏറ്റു വാങ്ങാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചു.മെഡിക്കൽ കോളേജിൽ സംഘം ചേർന്നതിന് ആശുപത്രി അധികൃതർ പരാതി നൽകാത്തത് എന്ത് കൊണ്ടെന്നും, വഴി തടസ്സപ്പെടുത്തിയതിന് പരാതിക്കാർ ഇല്ലാത്തത് എന്താണെന്നും വാസു കോടതിയിൽ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് നീതി ലഭിച്ചില്ലെന്നും ഏറ്റുമുട്ടൽ കൊലയാണെങ്കിൽ പൊലീസുകാർക്ക് പരുക്കേൽക്കാത്തത് എന്തായിരിക്കുമെന്നും ഗ്രോ വാസു കോടതിയിൽ ആവർത്തിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലായിരുന്നു പ്രതിഷേധമെന്നും, അത് തന്റെ അവകാശമാണെന്നും ഗ്രോ വാസു കോടതിയെ അറിയിച്ചു. വാസുവിന്റെ വാദം കേട്ട കുന്നമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.