വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.(Another plane crash in US; Ten people died)
അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടുള്ള സ്ഥലത്താണ് അപകടം നടന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽ നിന്നാണ് വിമാനം യാത്ര തിരിച്ചത്. എന്നാൽ യുഎസ് സിവിൽ എയർ പട്രോളിൽ നിന്നുള്ള റഡാർ ഡേറ്റ പ്രകാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് വിവരം. അതേസമയം അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് ചെറിയ രീതിയിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് വിവരം.