സര്‍വ്വസാധാരണമായ വികാരപ്രകടനമാണ് ദേഷ്യം. എന്നാല്‍ അവസരോചിതമായി അത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിലും സമൂഹത്തിലും നിരവധി ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും.
ചെറിയകാരണങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുന്നവരെ മുന്‍കോപികള്‍ എന്നാണ് വിളിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ പ്രധാന വില്ലനാണ് മുന്‍കോപം. സ്വന്തം ജീവിതത്തില്‍ പിന്നീട് എന്തൊക്കെ നഷ്ടമുണ്ടാകാമെന്ന് ചിന്തിക്കാന്‍ കൂടി സാവകാശമില്ലാതെ പെരുമാറുന്നവരാണ് മുന്‍കോപികള്‍. വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് ചില ദേഷ്യക്കാരുടെ രീതി. വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന പ്രയോഗംതന്നെ ഇത്തരക്കാരെ മുന്നില്‍ കണ്ടുകൊണ്ട് ഉണ്ടായതാണോ എന്ന് തോന്നിപ്പോകും.
സ്ത്രീകളെക്കാള്‍ മുന്‍കോപികള്‍ പുരുഷന്മാരാണ് എന്നാണ് പലരാജ്യങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍കോപത്തിന്റെ കാരണങ്ങള്‍ പലതാണ്. മേല്‍ക്കോയ്മ നഷ്ടപ്പെട്ടതായുള്ള തോന്നല്‍, ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യുമെന്ന ഭയം, തന്റെ കീഴിലുള്ളവരോട് എന്തുമാകാമെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമം, കൂടെയുള്ളവരെല്ലാം തനിക്ക് താഴെയുള്ളവരും നിസ്സാരന്‍മാരുമാണെന്ന ഭാവം, താന്‍ തീരുമാനിക്കുന്നത് മാത്രം നടപ്പിലാകണമെന്ന വാശി, നഷ്ടങ്ങളുണ്ടാക്കിയ ചില ഓര്‍മ്മകളും അവ ഒഴിവാക്കുവാന്‍ ദേഷ്യം നല്ലതാണെന്ന ധാരണ, മാനസികമായും ശാരീരികമായുമുള്ള സഹിക്കാനാകാത്ത വേദന, ഏറ്റവും ഇഷ്ടപ്പെട്ടവര്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം, മദ്യപാനം, മയക്കുമരുന്ന് ഇവയുടെ ഉപയോഗമോ പെരുമാറ്റദൂഷ്യമോ ചോദ്യം ചെയ്യപ്പെടുക, ആരോഗ്യത്തിലെ അസ്വസ്ഥതകള്‍, ആഗ്രഹിക്കുന്നത് നടത്താന്‍ സാധിക്കാത്തതിലുള്ള ദുഃഖം, തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ പോയി ചാകട്ടെ എന്ന രീതിയിലുള്ള പെരുമാറ്റം എന്നിവയാണ് പ്രധാനകാരണങ്ങള്‍.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത മാനസികാവസ്ഥ, പ്രതീക്ഷിച്ചത് ലഭിക്കാത്തതിലുള്ള വൈഷമ്യം, തള്ളിപ്പറയുകയോ കുറ്റപ്പെടുത്തുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള പരിഭവം, മാനസികരോഗങ്ങള്‍, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയും മുന്‍കോപത്തിന് കാരണമാകാറുണ്ട്.
വളരെ വ്യത്യസ്തമായ രീതിയിലാണ് ദേഷ്യം എന്ന വികാരം പലരും പ്രകടിപ്പിക്കുന്നത്. ഹൃദയത്തിന്റെ മിടിപ്പ് വര്‍ദ്ധിക്കുക, ശരീരം പെട്ടെന്ന് ചൂട് കയറുക, വിയര്‍ക്കുക, നെഞ്ച് വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, പല്ലിറുമ്മുക, പേശികള്‍ വലിഞ്ഞു മുറുകുക, വിറയ്ക്കുക, കൈകാലുകള്‍ മരവിക്കുകയോ ബലക്കുറവ് അനുഭവപ്പെടുകയോ ചെയ്യുക, ബോധംകെട്ട് വീഴാന്‍ പോകുന്നതായി തോന്നുക, വികാര പരവശനാകുക, സമാധാനപ്പെടാന്‍ കഴിയാതാകുക, കുറ്റബോധവും വിഷമവും വിഷാദവും തോന്നുക, ശബ്ദമുയര്‍ത്തി സംസാരിക്കുക, തമാശ ആസ്വദിക്കാന്‍ കഴിയാതെ വരിക, പെട്ടെന്ന് കരയുക, എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുക, പുകവലിക്കുവാനോ മദ്യപിക്കുവാനോ ഉള്ള ആവേശം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് സാധാരണയായി കാണുന്നത്.
ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ, യോഗ, വ്യായാമം, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഉതകുന്നവിധമുള്ളവ ശീലിക്കല്‍, കൗണ്‍സലിംഗ്, ആയുര്‍വേദ മരുന്നുകള്‍ എന്നിവ മുന്‍കോപം തടയാന്‍ ഫലപ്രദമാണ്.
ഇത്തരത്തിലുള്ള മുന്‍കോപികള്‍ക്ക് ചില രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ പിടിപെടാനിടയുണ്ട്. തലവേദന, വയറുവേദനയും ദഹന സംബന്ധവുമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, അമിതമായ ടെന്‍ഷന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചൊറിച്ചില്‍ പോലുള്ള ത്വക് രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയാണവ.
ചില പ്രത്യേക രീതിയിലുള്ള പെരുമാറ്റങ്ങള്‍ ശീലിച്ചാല്‍ മുന്‍കോപത്തെ പിടിച്ചുനിറുത്താന്‍ സാധിക്കുന്നതാണ്. വല്ലാതെ ദേഷ്യം തോന്നുന്ന സാഹചര്യത്തില്‍ നിന്ന് ദേഷ്യം ശമിക്കുന്നതുവരെ മാറിനില്‍ക്കുക, ഇത്തരം വൈകാരിക സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് അംഗീകരിക്കുക, ദേഷ്യം ഉണ്ടാക്കുന്നതിന് കാരണക്കാരായവരുടെ ഭാഗത്തും അവരുടേതായ ശരി ഉണ്ടായിരിക്കുമെന്ന് വിചാരിക്കുക, ദേഷ്യപ്പെടുന്നതിനേക്കാള്‍ ദേഷ്യമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കുവാന്‍ ശ്രമിക്കുക, സമാന സ്വഭാവത്തില്‍ ദേഷ്യമുണ്ടാക്കുന്ന കാര്യങ്ങളില്‍ മുന്‍കോപമില്ലാതെ സമാധാനപരമായി എങ്ങനെ ഇടപെടാമെന്ന് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് വയ്ക്കുക, ദേഷ്യത്തോടെ പെരുമാറുന്നതിന് മുമ്പ് 10 നിമിഷമെങ്കിലും ചിന്തകള്‍ മാറ്റുക, 10 മുതല്‍ 20 വരെ എണ്ണുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക, നടക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക, നിങ്ങള്‍ക്ക് തോന്നുന്ന ദേഷ്യം എത്രമാത്രമാണെന്ന് ഏറ്റവും അടുത്ത സുഹൃത്തിനോട് മാത്രം പറയുക, അമിതമായ ദേഷ്യമുള്ളവര്‍ വാഹനമോടിക്കുകയോ ആയുധങ്ങള്‍ കൈകാര്യം ചെയ്യുകയോ അപകടമുണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്‍കോപം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ വരെ തടയാന്‍ സാധിക്കും.
Also Read: ഒലീവ് ഓയിൽ ഉപയോഗിച്ചാൽ പണി കിട്ടും