പ്രേക്ഷക പ്രിയ നടിയായ അമല പോളിന്റെ വിവാഹ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംവിധായകൻ എ എൽ വിജയുമായുള്ള പ്രണയ വിവാഹവും, വിവാഹ മോചനവുമൊക്കെ ചർച്ചകളായ സോഷ്യൽ മീഡിയയിൽ അമലയുടെ രണ്ടാം വിവാഹവും ചർച്ചാ വിഷയം ആയി. നടിയുടെ 32-ാം ജന്മദിനത്തിലാണ് സുഹൃത്ത് ജഗത് ദേശായിയുടെ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരുവരുമൊന്നിച്ചുള്ള വിഡിയോയും വൈറലാണ്. വിവാഹത്തിന്റെ ബാക്കി അപ്‌ഡേഷനുകൾക്കായി കാത്തിരിക്കുന്നതിനോടൊപ്പം വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ആരാധകർക്ക് അറിയേണ്ടത്. സിനിമ മേഖലയുമായി ബന്ധമുള്ള ആളാണോ എന്നൊക്കെയാണ് ആളുകളുടെ സംശയം.
എന്നാൽ, സിനിമയുമായോ വിനോദമേഖലയുമായോ യാതൊരു ബന്ധവുമില്ലാത്ത ആളാണ് ജഗദ് എന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ജഗദ് ദേശായി. ഗോവയിൽ താമസമാക്കിയ ജഗദ്, ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആണ് ജഗദ്. ജോലിയുടെ ഭാഗമായാണ് അദ്ദേഹം ഗോവയിലേക്ക് താമസം മാറ്റിയത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജഗദ്. അത് തന്നെയാകാം ഇരുവരെയും ഒന്നിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിരന്തരം യാത്രകൾ നടത്തുന്നയാളാണ് അമല പോൾ. അതേസമയം ഫിറ്റ്നെസ്സിന് ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നയാൾ കൂടിയാണ് ജഗദ്. സമൂഹ മാധ്യമങ്ങളിലും ആക്റ്റീവ് ആയ ജഗദ് തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. വിവാഹത്തീയതി മറ്റും അമലയും ജഗദും ചേർന്ന് ഉടനെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.
നടിയുടെ രണ്ടാം വിവാഹമാണിത്. 2014–ലായിരുന്നു സംവിധായകൻ എ എൽ വിജയുമായുള്ള അമലയുടെ ആദ്യ വിവാഹം. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ, 2017ൽ ഇവർ വിവാഹമോചിതരായി. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാൽ, തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഭവ്നിന്ദർ ശ്രമിച്ചെന്നായിരുന്നു അമലയുടെ പ്രതികരണം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം.