കോഴിക്കോട്: മോഷണം പോയ സ്വർണം തിരികെ വീട്ടിൽ നിന്ന് തന്നെ ലഭിച്ചു. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂർ കൂടങ്ങരമുക്കിൽ ചക്കിങ്ങൽ ഷെറീനയുടെ വീട്ടിലാണ് ഈ വിചിത്ര സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രങ്ങൾ ഇട്ടുവെച്ചിരുന്ന ബക്കറ്റിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. മോഷ്ടിച്ചെടുത്ത 30 പവൻ സ്വർണമാണ് കള്ളൻ തിരികെ കൊണ്ട് വെച്ചത്.
ശനിയാഴ്‌ച രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലായിരുന്നു മോഷണം. ഷെറീനയും വീട്ടുകാരും ബന്ധു വീട്ടിൽ പോയ നേരത്ത് ആയിരുന്നു സംഭവം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഷെറീനയുടെ മകളുടെ സ്വർണ്ണമാണ് മോഷണം പോയത്. വീടിൻറെ ഓട് പൊളിച്ചിറങ്ങിയാണ് കള്ളൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്.
സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസിൽ പരാതി നൽകുകയും സംഭവം വാർത്തയാകുകയും ചെയ്തിരുന്നു. വിഷയത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് പുറത്തുനിന്നും നഷ്ടപ്പെട്ട 30 പവനും കണ്ടെത്തിയത്. ആരാണ് മോഷ്ടിച്ചതെന്നും പിന്നീട് തിരികെ കൊണ്ടുവന്നതെന്നും കണ്ടെത്താനുള്ള വ്യാപക ശ്രമത്തിലാണ് പൊലീസ്.