തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് ചെയ്ത ക്രൂരത പുറംലോകം അറിഞ്ഞതിന് പിന്നാലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. ഇതിനായി പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.(All children will undergo an urgent medical check up in the Child Welfare Committee)
രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറുിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയയുടെ വെളിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി. ആയമാരില്‍ പകുതി പേരും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർ ആണെന്നായിരുന്നു മുൻ ആയയുടെ വെളിപ്പെടുത്തൽ.
കുഞ്ഞുങ്ങളെ പരിശോധിക്കാനുള്ള പ്രത്യേക സംഘത്തില്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും. ഇവരുടെ കൗണ്‍സിലിംഗില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്ത് വന്നാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്താനും ആണ് തീരുമാനം.