മാഹി: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ തീരുമാനിച്ച് പുതുച്ചേരി സർക്കാർ. മദ്യത്തിന്റെ എക്സൈസ്, അഡിഷണൽ എക്സൈസ്, സ്പെഷ്യൽ എക്സൈസ് തീരുവകൾക്കൊപ്പം മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും വർധിപ്പിക്കാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം.
ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ മദ്യ വർദ്ധന പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരും. ഒപ്പം വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും. ഏകദേശം ഒമ്പത് വർഷത്തിന് ശേഷമാണ് പുതുച്ചേരി എക്സൈസ് തീരുവ വർധിപ്പിക്കുന്നത്.
ഒമ്പതു വർഷങ്ങൾക്ക് ശേഷമാണ് പുതുച്ചേരിയിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതെന്നും അതു നിലവിൽ വന്നാലും മദ്യവില അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുക.
ഈ വർഷത്തെ ബജറ്റിൽ സാമൂഹിക ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി-ബിജെപി സർക്കാർ തീരുവകൾ കൂട്ടാൻ തീരുമാനിച്ചത്. കുടുംബനാഥകൾക്കുള്ള പ്രതിമാസ സഹായധനം 2,500 രൂപയായി വർധിപ്പിച്ച സർക്കാർ വയോജന പെൻഷനിൽ 500 രൂപയുടെ വർധന വരുത്തിയിരുന്നു.