ഗുരുഗ്രാം: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എയർ ഇന്ത്യ സാറ്റ്സിലെ വിവാദ ആഘോഷത്തിൽ നടപടിയുമായി എയർ ഇന്ത്യ. ദുഖാചരണം നിലനിൽക്കെ ഓഫീസ് പാർട്ടി നടത്തിയതിനു നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി.
ജൂൺ 20 നായിരുന്നു വിവാദ ആഘോഷം നടന്നത്. പാർട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എയർ ഇന്ത്യയ്ക്ക് നേരെ വലിയ വിമർശനം ആണ് ഉയർന്നത്.
എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 260 പേരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോലും കാണാൻ പറ്റാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.
എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
എന്നാൽ പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷ വീഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് അറിയിച്ചു.
ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നു എന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയത്.
അഹമ്മദാബാദ് വിമാന എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപും സമൂഹമാധ്യമങ്ങളിലടക്കം ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ്സിലെ വിവാദ ആഘോഷം നടന്നത്.
ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്.
Summary: Air India takes strict action following the Ahmedabad plane crash by terminating four senior officials from AI SATS for organizing a controversial office party during the mourning period. The insensitive celebration sparked widespread criticism.