മണിപ്പൂർ: സമാധാന ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷ തീ പുകയുന്നു. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമകാരികൾ വാഹനങ്ങൾ തീയിടുകയും ചെയ്തു.
കുക്കി, മെയ്തി പ്രദേശങ്ങൾ ഉൾപ്പെടെ മണിപ്പൂരിലുടനീളം എല്ലാ വാഹനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരുന്നു. ഇത് നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷം രൂക്ഷമായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ ഏർപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി ടയറുകൾ കത്തിച്ച് എൻഎച്ച് -2 (ഇംഫാൽ-ദിമാപൂർ ഹൈവേ) ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. മണിപ്പൂരിൽ രണ്ട് വർഷത്തിന് ശേഷം പുനരാരംഭിച്ച ബസ് സർവീസ് തടസ്സപ്പെടുത്തുകയും ബസിനുനേരെ കല്ലെറിയുകയും ചെയ്തു. മണിപ്പൂരിലെ മൂന്ന് ബങ്കറുകളും സംയുക്ത സേന തകർത്തിട്ടുണ്ട്.