തൊടുപുഴ: സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ നിരവധി ഉല്ലാസയാത്രകളാണ് ഇന്നുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വിജയകരമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന ഡിപ്പോകളിൽ ഒന്നാണ് തൊടുപുഴ.
2022 ജൂലൈ 17നാണ് കെ.എസ്.ആർ.ടി.സി തൊടുപുഴ ബജറ്റ് ടൂറിസം സെൽ ആദ്യ യാത്ര നടത്തിയത്. ആദ്യ യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷം തികയാൻപോകുന്ന കെ.എസ്.ആർ.ടി.സി തൊടുപുഴ ബജറ്റ് ടൂറിസം സെൽ 200ാം യാത്രയ്ക്ക് ഒരുങ്ങുകയാണിപ്പോൾ. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നും ഇടുക്കി ജില്ലയുടെ അഭിമാനവുമായ മൂന്നാറിലേക്ക് മാർച്ച് എട്ടിനാണ് 200ാം വിനോദ സഞ്ചാര യാത്ര പുറപ്പെടുക.
രാവിലെ ഏഴിന് തൊടുപുഴയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഗ്യാപ് റോഡ് വഴി സഞ്ചരിച്ച് തിരിച്ച് ഹൈഡൽ പാർക്കിലെത്തും. ഹൈഡൽ പാർക്കിലാണ് 200ാം യാത്ര ആഘോഷം. രാത്രി എട്ടോടെ തൊടുപുഴയിൽ മടങ്ങിയെത്തും. 480 രൂപയാണ് ഒരാൾക്ക് നിരക്ക്.
പദ്ധതിയുടെ ഭാഗമായി നടത്തിയ ആദ്യ യാത്ര നാടുകാണി വഴി വാഗമണ്ണിലേക്കായിരുന്നു. ആദ്യ യാത്ര വിജയം കണ്ടതോടെ പലപല നാടുകളിലേക്കും ഈ യാത്രകൾ നീണ്ടു, ഇതിനിടെ നൂറാമത് യാത്രയും ഗംഭീര ആഘോഷമാക്കിയിരുന്നു . ‘മുറ്റത്തെ മുല്ലയെത്തേടി’ എന്ന പേരിൽ ഇല്ലിക്കൽ കല്ലിലേക്കായിരുന്നു നൂറാം യാത്ര.
പച്ചപ്പും, മലനിരകളും, വെള്ളച്ചാട്ടങ്ങളും എല്ലാം തിങ്ങിനിറഞ്ഞ ഇടുക്കിയുടെ ഭാഗമായ തൊടുപുഴയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയത് മലക്കപ്പാറയിലേക്കായിരുന്നു. 30ലധികം പ്രാവശ്യമാണ് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഉല്ലാസയാത്ര പോയത്.
വാഗമണും, മൂന്നാറും, എറണാകുളവും എല്ലാം ഉണ്ടെങ്കിലും യാത്രക്കാർക്ക് കൂടുതൽ പ്രിയം മലക്കപ്പാറയാണ്. അതുമാത്രമല്ല 200ാം യാത്രയുടെ ദിവസമായ ജനുവരി എട്ടിന് തന്നെ വനിത ദിനാഘോഷ യാത്രയും നടത്തുന്നുണ്ട്. വനിതകൾ മാത്രമായി എറണാകുളം വണ്ടർലയിലേക്ക് നടത്തുന്ന യാത്രയിൽ ജീവനക്കാരെല്ലാം സ്ത്രീകളായിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.
പല യാത്രകളിലും സ്ഥിരം യാത്രികർ കുറച്ചുപേർ ഉണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്. മുമ്പ് പോയ യാത്രകളുടെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം ഉണ്ടാകും. ഈ വാട്സ് ആപ് ഗ്രൂപ്പുകൾ വഴിയാണ് കൂടുതൽ പേരും അടുത്ത യാത്രക്ക് ഒരുങ്ങുന്നത്.
ബുക്കിംഗ് എളുപ്പമാക്കാൻ ആറ് മാസം മുമ്പ് ക്യു.ആർ കോഡും ഏർപ്പെടുത്തി. ഇതോടെ ബസ് ഡിപ്പോയിൽ എത്തി ബുക്ക് ചെയ്യണമെന്ന ബുദ്ധിമുട്ടും ഇല്ലാതായി. എ.ടി.ഒ എൻ.പി രാജേഷ്, ഇൻസ്പെക്ടർ കെ.കെ. സന്തോഷ്, ജില്ല കോർഡിനേറ്റർ എൻ.ആർ. രാജീവ്, സോണൽ കോർഡിനേറ്റർ അനീഷ്, സൂപ്രണ്ട് നിഷ ദിലീപ്, കോർഡിനേറ്റർമാരായ സിജി ജോസഫ്, അജീഷ് ആർ. പിള്ള, എസ്. അരവിന്ദ് എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.