ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നടി ലക്ഷ്മി മേനോനും പ്രതി, ഒളിവിലെന്ന് പോലീസ്
കൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും. സംഭവ സമയത്ത് ലക്ഷ്മി മേനോനും കാറില്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടിയെയും പോലീസ് പ്രതിചേർത്തു. ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. കേസിൽ മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ഐ ടി ജീവനക്കാരനായ ആലുവ സ്വദേശി അലിയാർ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി നൽകിയിരിക്കുന്നത്.
ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു ഇരുകൂട്ടരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങി.
പരാതിക്കാരനായ അലിയാർ ഷായും സുഹൃത്തുക്കളും ബാറിൽ നിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം ആരോപിച്ചു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് പ്രതികളിലെത്തിച്ചത് .
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം ‘രഘുവിന്‍റെ സ്വന്തം റസിയ’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി അഭിനയിച്ചു. നിരവധി തമിഴ് ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.
Summary: In the case of abducting and assaulting an IT employee after a bar dispute, actress Lakshmi Menon has been named as an accused. Police confirmed she was in the car during the incident and is currently absconding.