ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പങ്കില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല എന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.
നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു. എന്നാൽ ഷൈൻ മയക്കുമരുന്നിന് അടിമയാണ്. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.
ചില സംശയങ്ങൾ തീർക്കാനാണ് വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു.