അടുത്തിടെയാണ് നടൻ ബാല തന്റെ അമ്മാവന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കല്യാണത്തിന് ശേഷം കൊച്ചി വിട്ട ബാല ഭാര്യയോടൊപ്പം വൈക്കത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാലിപ്പോൾ ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.(Actor Bala reacts to cyber abuse against his wife)
കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ബാലയുടെ പ്രതികരണം. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നാല്‍ ആരാണെന്ന് അറിയാമെന്നും അവര്‍ക്ക് നേരിട്ടുള്ള മുന്നറിയിപ്പാണ് ഇതെന്നും ബാല പറഞ്ഞു. ഭാര്യയെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ബാല മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ബാലയുടെ വീഡിയോയിൽ പറയുന്നത്
“കോകില ഭയങ്കര അപ്‌സെറ്റാണ്. ഒരു മെസ്സേജ് ഇടുന്നു അത് വൈറലാവുന്നു. എന്താണ് പറ്റിയത്. മറ്റുള്ളവരുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം? എങ്ങനെയാണ് ധൈര്യം വരുന്നത്? ഇത് പറഞ്ഞ നിന്റെ ഭാര്യയെപ്പറ്റി ഞാൻ എന്താണ് പറയേണ്ടത്? എന്റെ മാമന്റെ മകളാണ് കോകില.
എന്റെ ഭാര്യയുടെ കണ്ണ് ഇന്ന് നിറഞ്ഞു. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാന്‍ പറ്റുന്ന നിയമം ഈ നാട്ടിലുണ്ടോ? വൈക്കത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വേറെ എന്തൊക്കെ പറയാം നിങ്ങള്‍ക്ക്, സിനിമയെ കുറിച്ച് സംസാരിക്ക്, വ്യക്തിത്വങ്ങളെ കുറിച്ച്, അഭിനയത്തെ കുറിച്ച് അടുത്ത റിലീസിനെ കുറിച്ചൊക്കെ സംസാരിക്കൂ. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കുന്നത് നിങ്ങള്‍ക്ക് പിടിക്കുന്നില്ല, അതുകൊണ്ട് നിങ്ങള്‍ എന്തുവേണമെങ്കിലും പറയും. അതാണ് നിങ്ങളുടെ സംസ്‌കാരം.
കോകിലയുടെ അച്ഛന്‍ വിളിച്ചു, അദ്ദേഹം രാഷ്ട്രീയത്തില്‍ വലിയ ആളാണ്. പോലീസില്‍ പരാതി കൊടുക്കേണ്ടെന്ന് പറഞ്ഞു. അവര്‍ നോക്കിക്കോളാമെന്ന് പറഞ്ഞു. ഇത് പ്രചരിപ്പിച്ചവന്‍ മാപ്പ് പറയണം. ഞാനല്ല ഒന്നും തുടങ്ങിവെച്ചത്. ഒരു മര്യാദ വേണ്ടേ. ഒരാളുടെ കുടുംബത്തില്‍ കയറിക്കളിക്കരുത്”, എന്നും ബാല പറഞ്ഞു.