തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷ് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി മകള്‍ ഐശ്വര്യ സന്തോഷ്.Actor Baiju Santhosh’s daughter Aishwarya Santhosh explains about the accident caused by drunk driving
വാഹനാപകട സമയത്ത് ബൈജുവിന്റെ കൂടെ മകളുമുണ്ടായിരുന്നെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ഐശ്വര്യ വിശദീകരണവുമായി രംഗത്തെത്തിയത്.
കാറോടിച്ച സമയത്ത് താനല്ല കൂടെയുണ്ടായിരുന്നതെന്നും തന്റെ ബന്ധുവാണ് കൂടെയുണ്ടായതെന്നും ഐശ്വര്യ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
‘അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഒപ്പമുണ്ടായെന്ന് പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. എല്ലാവരും ഇപ്പോള്‍ സുരക്ഷിതരാണ്. തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ ഇത് പോസ്റ്റ് ചെയ്യുന്നു’, ഐശ്വര്യ പറഞ്ഞു.
അതേസമയം മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച പരാതിയില്‍ ബൈജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് അപകടം നടന്നത്.
കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം 281 വകുപ്പും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 185ാം വകുപ്പും ബൈജുവിനെതിരെ ചേര്‍ത്തിട്ടുണ്ട്.