തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ട ലോറിയുടെ ക്ലീനർ തമിഴ്നാട് സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി ചികിത്സയിൽ തുടരുകയാണ്.
ഇടിച്ച ലോറിയുടെ ഡ്രൈവർ അപകടസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ആക്കുളം പാലത്തിൽ വച്ച് ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. കൊല്ലത്തു നിന്നും ആറ്റുകാലിലേക്ക് 19 യാത്രക്കാരുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ആശുപതിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാലക്കാട് മണ്ണാർക്കാട് പനയം പാടത്ത് വീണ്ടും വാഹനാപകടം. ഓടിക്കൊണ്ടിരിക്കെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പനയംപാടം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പനയം പാടത്ത് മാസങ്ങൾക്ക് മുൻപ് ലോറി ദേഹത്തേക്ക് മറിഞ്ഞ് നാലു വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായിരുന്നു.