ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ് 53കാരി മരിച്ചു. ആലപ്പുഴ ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയാണ് ശാന്തമ്മ. വിവാഹ ഓട്ടം പോയി തിരികെ വരികയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗമാണ് വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങിയത്. തുടർന്ന് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു.
ഈ സമയം മറ്റു തൊഴിലാളികളോടൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഉടൻ തന്നെ ഓടിക്കൂടിയവരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തിയാണ് ശാന്തമ്മയെ പുറത്തെടുത്തത്. പിന്നാലെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട വിവരമറിഞ്ഞ് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഭർത്താവ് :വിജയൻ. മക്കൾ: വിശാൽ വിജയൻ, വിദ്യ വിജയൻ, ആവണി. മരുമകൾ: മഞ്ജിമ.