നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മുന്നൂറോളം ഓണ്‍ലൈന്‍ ടാക്‌സി കാറുകള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതിശക്തമായ മഴയില്‍ നോയിഡയിലെ ഹിന്‍ഡോണ്‍ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്.
നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും ജില്ലാ അധികൃതര്‍ വ്യക്തമാക്കി. നിരവധി പേര്‍ ദൂരെയുള്ള ബന്ധുവീടുകളിലേക്കും ക്യാംപുകളിലേക്കും മാറിത്താമസിച്ചതായും അധികൃതര്‍ അറിയിച്ചു.