തിരുവനന്തപുരം: ലഹരികേസുകളിലെ തടവുകാര്‍ക്ക് ഇനി മുതല്‍ പരോളില്ല. തടവുകാര്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട പരോളോ, അടിയന്തരപരോളോ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ലഹരിക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നുണ്ടെന്നുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ജയില്‍ ചട്ടം ഭേദഗതി ചെയ്തത്.
ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ എത്തുന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കുക പതിവുണ്ടായിരുന്നില്ല. തടവുകാര്‍ക്ക് ലഭിക്കേണ്ട നീതി നിക്ഷേധം ചൂണ്ടികാട്ടി മയക്കുമരുന്നില്‍ ശിക്ഷപ്പെട്ട ചില തടവുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ലഹരിക്കേസിലെ തടവുകാര്‍ക്കും പരോളും അടിയന്തര പരോളും ലഭിച്ചു തുടങ്ങിയത്.
വര്‍ഷത്തില്‍ 60 ദിവസമാണ് സാധാരണ കേസുകളിലെ തടവുകാരന് സ്വാഭാവികമായി അനുവദിക്കപ്പെട്ട പരോള്‍. ബന്ധുക്കളുടെ ചികിത്സ, വിവാഹം, മരണം തുടങ്ങിയ അടിയന്തര ഘട്ടത്തിലും പരോള്‍ ലഭിക്കും. ഇതെല്ലാം ലഹരിക്കേസില്‍പ്പെട്ടവര്‍ക്കും ലഭിച്ചിരുന്നു. ഇങ്ങനെ ഇറങ്ങുന്ന തടവുകാര്‍ വീണ്ടും ലഹരിക്കടത്ത് ആസൂത്രണം ചെയ്തുവെന്ന വിവരം പൊലീസിനും എക്‌സൈസിനും ലഭിച്ചിട്ടുണ്ട്. ജയിലിനുള്ളില്‍ കിടന്നും ലഹരിക്കടത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ജയില്‍ ചട്ടം ഭേദഗതി ചെയ്ത് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ലഹരികേസിലെ തടവുകാര്‍ക്ക് ഒരു തരത്തിലുള്ള അവധിയും നല്‍കേണ്ടതില്ലെന്നാണ് പുതിയ ഭേദഗതി. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ ലഹരി കേസില്‍ ശിക്ഷിച്ച 452 തടവുകാരുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് ലഹരിക്കേസില്‍ ശിക്ഷിപ്പെട്ടവര്‍ ശിക്ഷ ഇളവിന് അര്‍ഹരല്ല. അതേ സമയം പരോളില്ലാതെ തടവുകാര്‍ കഴിയുന്നത് ജയിലിനുള്ളില്‍ കൂടുതല്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കുമെന്ന ആശങ്ക ജയില്‍ ജീവനക്കാര്‍ക്ക് ഉണ്ട്.