കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയതിന് രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. ക്യൂൻസ് വാക് വേയിൽ കുടുംബസമേതം എത്തിയ യുവതിയോടാണ് യുവാക്കൾ മോശമായി പെരുമാറിയത്.
സംഭവത്തിൽ അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി അക്രമാസക്തരായ യുവാക്കൾ പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.
പുലർച്ചെയോടെ പൊട്ടിത്തെറി ശബ്ദം! വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ കത്തിനശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിൻറെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്.
ഇന്നോവ ക്രിസ്റ്റ കാറും, റോയൽ എൻഫീൽഡ് ബുള്ളറ്റും, രണ്ട് സ്കൂട്ടറുകളും, ഒരു സൈക്കിളുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വൻ പൊട്ടിത്തെറി ശബ്ദം ഉണ്ടായത്. ഇത് കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ കാണുന്നത് വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിൽ തീ പടരുന്നതാണ്.
അപ്പോഴേയ്ക്കും സ്കൂട്ടറുകൾ പൂർണമായും കത്തി നശിച്ചിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാർ പുറത്തേയ്ക്ക് മാറ്റി. തുടർന്ന് കഴക്കൂട്ടം ഫയർ ഫോഴ്സിലും തുമ്പ സ്റ്റേഷനിലും വിവരമറിയിച്ചു. ഉടൻ തന്നെ അഗ്നി രക്ഷാസേനയെത്തി തീ അണയ്ക്കുകയായിരുന്നു.
ബുള്ളറ്റ് പൂർണമായും, കാർ ഭാഗികമായും കത്തി നശിച്ചു. പുറത്തു നിന്നാരോ തീയിട്ടതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.