ശമ്പളം തടഞ്ഞുവച്ചെന്ന് ആരോപണം; ജോലി ചെയ്യുന്ന ഐ.ടി കമ്പനിക്കുന്നുമുന്നിലെ ഫുട്പാത്തിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി യുവാവ്
ശമ്പളം തടഞ്ഞുവച്ചെന്ന് ആരോപിച്ച് ജോലി ചെയ്യുന്ന ഐ.ടി കമ്പനിക്കുന്നുമുന്നിലെ ഫുട്പാത്തിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി യുവാവ്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരൻ ആനി ഈ കടുംകൈ ചെയ്തത്.
കമ്പനിയുടെ പൂനെയിലെ ഹിഞ്ചേവാഡിയിലുള്ള ഓഫീസിന് പുറത്തെ ഫുട്പാത്തിൽ യുവാവ് മൂടിപ്പുതച്ച് ഉറങ്ങുന്നതിന്‍റെ ചിത്രം വൈറലായതോടെ ടിസിഎസിനെതിരെ രൂക്ഷമായി പ്രതികരിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി.
കമ്പനിയുടെ എച്ച്ആർ വകുപ്പുമായി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും ശമ്പളം തടഞ്ഞുവച്ചെന്ന് ആരോപിച്ചാണ് സൗരഭ് മോർ എന്ന ജീവനക്കാരൻ തന്‍റെ ഓഫീസിന് മുന്നിലെ ഫുട്പാത്തില്‍ കിടന്നുറങ്ങി പ്രതിഷേധിച്ചത്.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഫോറം ഓഫ് ഐടി എംപ്ലോയീസ് (എഫ്‌ഐടിഇ) ആണ് ചിത്രം പങ്കുവച്ചത്.
കാമ്പസിന് പുറത്തുള്ള ഒരു ഫുട്പാത്തിൽ സൗരഭ് മൂടിപ്പുതച്ച് കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി, ഇതോടെ മറുപടിയുമായി ടിസിഎസ് രംഗത്തെത്തി.
കിടന്നുറങ്ങുന്നതിന് സമീപത്തായി സൗരഭ് തന്‍റെ കൈപ്പടയില്‍ എഴുതിയ ഒരു കത്തും വച്ചിരുന്നു. കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി, ‘എന്‍റെ കൈയില്‍ പണമില്ലെന്നും ടിസിഎസിന് പുറത്തെ ഫുട്പാത്തിൽ ഉറങ്ങാനും താമസിക്കാനും നിർബന്ധിതനാകുന്നുവെന്നും ഞാൻ എച്ച്ആറിനെ അറിയിച്ചിട്ടുണ്ട്’.
എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ജൂലൈ 29 ന് സൗരഭ്, പൂനെ കാമ്പസിൽ ഡ്യൂട്ടിയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ ഐഡി പ്രവർത്തനരഹിതമാണെന്നും ശമ്പളം നൽകിയിട്ടില്ലെന്നും കണ്ടെത്തി.
ജൂലൈ 30 ന് അദ്ദേഹം എച്ച്ആർ ടീമിനോട് ഈ വിഷയം ഉന്നയിച്ചു, പക്ഷേ, പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പിന്നാലെ സൗരഭ്, ഓഫീസിന് പുറത്ത് ഉറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ രൂക്ഷമായ വിമർശനമാണ് ടിസിഎസ് നേരിട്ടത്.
ഫോറം ഓഫ് ഐടി എംപ്ലോയീസ് സൗരഭിന് പിന്തുണയുമായി രംഗത്തെത്തി. ജീവനക്കാരന്‍റെ ഹാജർ നില കുറവാണെന്ന് ടിസിഎസ് പ്രതികരിച്ചു. ഒപ്പം ജീവനക്കാരന് താൽക്കാലിക താമസ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ടിസിഎസ് പറഞ്ഞു.









