പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ഇയാൾക്ക് സാരമായ പരിക്കുകളൊന്നും തന്നെയില്ല.
അതെ സമയം കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയ കാട്ടാന കുട്ടി ഇന്നലെ ചരിഞ്ഞു. ആനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകുന്നതിനിടെയാണ് ചരിഞ്ഞത്. വായിൽ ഗുരുതര പരിക്കോടെയാണ് കാട്ടാനയെ കണ്ടെത്തിയത്.
ആനയുടെ വായിൽ സാരമായ പരിക്ക് കണ്ടെത്തിയ സാഹചര്യത്തിൽ വയനാട്ടിൽ നിന്നെത്തിയ വെറ്റിനറി സംഘമാണ് കാട്ടാന കുട്ടിയെ മയക്കുവെടി വച്ച് പിടികൂടിയത്. മയക്കുവെടിവച്ച ശേഷം ആനയെ ആനിമൽ ആംബുലൻസിൽ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി സുനിൽകുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബുധനാഴ്ച്ച പുലർച്ചെ ആറരയ്ക്കായിരുന്നു ആക്രമണം നടന്നത്.