അടുത്തിടെ മലയാളിയുടെ മനസ്സിനെ ഏറ്റവും അധികം പിടിച്ചു കുലുക്കിയ സിനിമയാണ് ആട് ജീവിതം. നജീബിന്റെ ജീവിതം സ്വന്തം കഥയായി ജനം ഏറ്റെടുത്തു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ സിനിമയുടെ തിരക്കഥ എഴുതിയത് ബെന്യാമിൻ ആണ്. ശക്തമായ കഥയും തിരക്കഥയും തന്നെയാണ് ആ സിനിമയുടെ അടിസ്ഥാനം. (A student wrote a story ‘Goat life’ in ten lines)
ഇപ്പോഴിതാ ലോക ശ്രദ്ധ പിടിച്ച് പറ്റിയ ആ സിനിമയുടെ കഥ പത്തു വരികളിൽ എഴുതിയിരിക്കുകയാണ് ഒരു മിടുക്കി. മന്തരത്തൂർ എൽപി സ്കൂൾ വിദ്യാർത്ഥിനിയായ നന്മ തേജസ്വിനി എന്ന കൊച്ചു വിദ്യാർത്ഥിനിയാണ് നോട്ടുബുക്കിൽ ചുരുങ്ങിയ വരികളിൽ ആടുജീവിതം കുറിച്ചിട്ടത്.
കുട്ടിക്കുറിപ്പ് ബെന്യാമിൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇത്രേ ഉള്ളൂ മന്ദിരത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥിനി നന്മ തേജസ്വിനി എന്ന മിടുക്കി കുട്ടി’ എന്ന കുറിപ്പോടെയാണ് ബെന്യാമിൻ ഇത് പങ്കുവെച്ചിട്ടുള്ളത്.
നന്മ തേജസ്വിനിയുടെ കഥ ഇങ്ങനെ:
‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ് നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്. നിരവധി ആളുകളാണ് കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.